വിത്തനശ്ശേരി (പാലക്കാട്): പത്തുകൊല്ലത്തെ ഒറ്റമുറിജീവിതത്തിൽനിന്നു സ്വയം പറിച്ചുനട്ട, പാലക്കാട് അയിലൂർ വിത്തനശ്ശേരിയിലെ റഹ്മാനും സജിതയ്ക്കും സഹായഹസ്തവുമായി പോലീസും നാട്ടുകാരും. മൂന്നുമാസമായി ഇവർ കഴിയുന്ന വാടകവീട്ടിലേക്ക് വ്യാഴാഴ്ച നെന്മാറ പോലീസിന്റെ വകയായി പാചകവാതകവും സ്റ്റൗവുമെത്തി. പച്ചക്കറിയും മറ്റു നിത്യോപയോഗസാധനങ്ങളുമടക്കമുള്ള സഹായങ്ങളുമായി നാട്ടുകാരും ഇവരെ തേടിയെത്തി. പോലീസിന്റെ നേതൃത്വത്തിൽ ഇരുവർക്കും മനഃശാസ്ത്ര കൗൺസലിങ്ങും ലഭ്യമാക്കി.
പോലീസുകാരുടെയും നാട്ടുകാരുടെയും തണലിൽ പുതുജീവിതത്തിലേക്ക് പ്രവേശിച്ചതിന്റെ സന്തോഷം ഇരുവരുടെയും മുഖത്ത് പുഞ്ചിരിയായി വിടർന്നു. രമ്യ ഹരിദാസ് എം.പി. ഉൾപ്പെടെയുള്ളവരും ക്ഷേമാന്വേഷണവുമായെത്തിയതോടെ ആശ്വാസത്തിന്റെ നിമിഷങ്ങളായിരുന്നു.
അതേസമയം, സ്വന്തം വീട്ടിലെ ശൗചാലയസൗകര്യം പോലുമില്ലാത്ത കുടുസ്സുമുറിയിൽ മറ്റുള്ളവരറിയാതെ പത്തുവർഷം സജിതയെ പാർപ്പിച്ചുവെന്ന റഹ്മാന്റെ വിശദീകരണത്തിലെ ദുരൂഹത നീക്കാൻ പോലീസ് അന്വേഷണം നടത്തി. ആലത്തൂർ ഡിവൈ.എസ്.പി. സി.ആർ. സന്തോഷ് കുമാർ, നെന്മാറ സി.ഐ. എ. ദീപകുമാർ എന്നിവരുടെ നേതൃത്വത്തിൽ അയിലൂർ കാരക്കാട്ടുപറമ്പിലെ വീട്ടിൽ പരിശോധന നടത്തി. ഇവർ കഴിഞ്ഞിരുന്ന മുറിയും അകത്തേക്കും പുറത്തേക്കും കടക്കാവുന്ന ജനാലയും പരിശോധിച്ചു. ഇവർ ഒരുമിച്ചുജീവിക്കാൻ തീരുമാനിച്ചവരായതിനാലും പരാതിയില്ലാത്തതിനാലും തുടരന്വേഷണമില്ലെന്നും പോലീസ് അറിയിച്ചു.
ഇനി സമാധാനമായി ജീവിക്കണമെന്ന് റഹ്മാനും സജിതയും
സമാധാനമായി ഒരുമിച്ച് ജീവിക്കണമെന്നാണ് ആഗ്രഹം. സാഹചര്യംകൊണ്ടാണ് ഇതുവരെ ഇങ്ങനെ കഴിയേണ്ടിവന്നത്- 10 വർഷം ആരും കാണാതെ സജിതയെ ഒളിപ്പിച്ചുതാമസിപ്പിച്ചതിനെക്കുറിച്ച് ചോദിച്ചാൽ റഹ്മാന് ഉത്തരം ഇതുമാത്രമാണ്.
എന്നെ വിശ്വസിച്ച് കൂടെവന്ന സജിതയെ ഉപേക്ഷിക്കാൻ മനസ്സുവന്നില്ല. എന്നെ വിട്ടുപോകാൻ അവളും തയ്യാറായില്ല. 10 വർഷംമുമ്പ് ഇവളെ കൂടെക്കൂട്ടിയാൽ സമൂഹം ഒറ്റപ്പെടുത്തുമെന്ന് അറിയാവുന്നതുകൊണ്ടുമാത്രമാണ് ഒളിപ്പിച്ചുതാമസിപ്പിച്ചത്. പക്ഷേ, അടുത്തകാലത്തായി ശരിയായി ഭക്ഷണം കഴിക്കാൻപോലും സാധിക്കാതെ വന്നു. ഒപ്പം വീട്ടുകാർ ചികിത്സയുടെ പേരിൽ പലേടത്തും കൊണ്ടുപോവാൻ തുടങ്ങിയതോടെ ശരിക്കും വിഷമിച്ചു. അങ്ങനെയാണ് പുറത്തുകടന്ന് സമൂഹത്തിൽ തലയുയർത്തി ജീവിക്കാമെന്ന് തീരുമാനിച്ചത്. ലോക്ഡൗൺ ആയതോടെ പണിയും കുറഞ്ഞു. പണിക്കുപോകുന്നതിനിടെ വാടകവീട് അന്വേഷിച്ചു. വിത്തനശ്ശേരിക്കു സമീപം 2000 രൂപയ്ക്ക് വാടകവീട് ലഭിച്ചതോടെ മാർച്ച് രണ്ടിന് വീട്ടിൽ ആരുമില്ലാത്ത സമയത്താണ് ബസ് കയറി ഇവിടെയെത്തി താമസം തുടങ്ങിയത്. മൂന്നുമാസമായി ഞങ്ങൾ, കഴിഞ്ഞ പത്തുവർഷത്തെ ദുഃഖമെല്ലാം മറന്ന് ജീവിക്കുകയാണ്. സജിതയുടെ വീട്ടുകാർ വിളിച്ചു സംസാരിക്കുകകൂടി ചെയ്തതോടെ സന്തോഷത്തിലാണ്- റഹ്മാൻ പറഞ്ഞു.