കൊച്ചി
കേന്ദ്രസർക്കാരിന്റെ പുതിയ വാക്സിൻ നയത്തിന്റെ അടിസ്ഥാനത്തിൽ, കുത്തിവയ്പിന് സ്വീകരിക്കുന്ന നടപടികൾ വിശദീകരിക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചു. വാക്സിൻ നയം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളാണ് ജസ്റ്റിസുമാരായ അനിൽ നരേന്ദ്രനും സിയാദ് റഹ്മാനും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്.
കോവിൻ പോർട്ടൽവഴി ബുക്കിങ്ങിന് തടസ്സങ്ങൾ നിലനിൽക്കുന്നതിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു. സ്പോട്ട് ബുക്കിങ് അടക്കമുള്ള കാര്യങ്ങളിൽ നടപടി അറിയിക്കാനാണ് നിർദേശം. വാക്സിനേഷന് സന്നദ്ധമാണെന്ന് സ്വകാര്യ ആശുപത്രികളുടെ സംഘടന അറിയിച്ചു. ആർടിപിസിആർ ടെസ്റ്റിന് നിരക്ക് നിശ്ചയിക്കാൻ ദുരന്തനിവാരണ നിയമപ്രകാരം അധികാരമുണ്ടെന്ന് സർക്കാർ അറിയിച്ചു. നിരക്കുവർധന ചോദ്യം ചെയ്ത് ലാബുകൾ സമർപ്പിച്ച അപ്പീലുകളിലാണ് സർക്കാർ നിലപാട് ആവർത്തിച്ചത്. കേസുകൾ കോടതി വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി.