ന്യൂഡൽഹി
ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ട കേസിൽ ഇറ്റലി സർക്കാർ കൈമാറിയ 10 കോടിരൂപ നഷ്ടപരിഹാരം കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ കെട്ടിവച്ചു. സുപ്രീംകോടതി രജിസ്ട്രിയുടെ യൂക്കോ ബാങ്ക് അക്കൗണ്ടിലാണ് തുക കെട്ടിവച്ചത്. മുഴുവൻ നഷ്ടപരിഹാരത്തുകയും കെട്ടിവച്ച സാഹചര്യത്തിൽ കേസിലെ പ്രതികളായ ഇറ്റാലിയൻ സൈനികർക്ക് എതിരായ ക്രിമിനൽനടപടികൾ അവസാനിപ്പിക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. തുക എങ്ങനെ വിതരണം ചെയ്യുമെന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിലും സുപ്രീംകോടതി തീരുമാനമെടുക്കും.
ഇറ്റാലിയൻ സൈനികരുടെ വെടിവയ്പിൽ കൊല്ലപ്പെട്ട രണ്ട് മത്സ്യബന്ധന തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നാല് കോടി വീതവും വെടിവയ്പിൽ തകർന്ന ബോട്ടിന്റെ ഉടമയ്ക്ക് രണ്ട് കോടിയും നഷ്ടപരിഹാരം നൽകണമെന്ന് കേരളം നേരത്തേ ആവശ്യപ്പെട്ടിരുന്നു. മുഴുവൻ നഷ്ടപരിഹാരത്തുകയും കെട്ടിവയ്ക്കാതെ ഇറ്റാലിയൻ സൈനികർക്ക് എതിരായ നടപടികൾ അവസാനിപ്പിക്കില്ലെന്ന് സുപ്രീംകോടതിയും നിലപാട് സ്വീകരിച്ചു. ഈ പശ്ചാത്തലത്തിലാണ് ഇറ്റലി നഷ്ടപരിഹാരം കൈമാറിയത്.