ഇന്ന് അവശ്യസേവനങ്ങള്‍ നല്‍കുന്ന കടകള്‍ക്കൊപ്പം വസ്ത്രങ്ങള്‍, സ്റ്റേഷനറി, ആഭരണം, കണ്ണടകള്‍, ശ്രവണ സഹായികള്‍, പുസ്തകങ്ങള്‍ ചെരുപ്പ്, തുണി തുടങ്ങിയവ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ തുറക്കാം. വാഹന ഷോറൂമുകളിൽ രാവിലെ 7 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ അറ്റകുറ്റപ്പണികൾ ചെയ്യാനും അനുമതിയുണ്ട്.
ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വെള്ളിയാഴ്ച പ്രവർത്തിക്കും. മൊബൈൽ ഫോൺ റിപ്പയറിംഗ് കടകൾക്കും തുറക്കാൻ അനുമതിയുണ്ട്. നിർമ്മാണമേഖലയുമായി ബന്ധപ്പെട്ടവർക്ക് തിരിച്ചറിയൽ കാർഡ് കാണിച്ച് യാത്ര ചെയ്യാം. നിലവിലുള്ള ഇളവുകൾക്ക് പുറമെയാണ് ഇന്ന് സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ നൽകിയിരിക്കുന്നത്.
അതേസമയം നാളെയും മറ്റന്നാളും കർശന നിയന്ത്രണത്തോടെയുള്ള ലോക്ക് ഡൗണാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ ഹോട്ടലുകളിൽ നിന്ന് ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ദിവസങ്ങളില്‍ ടേക്ക് എവേ, പാഴ്സല്‍ സൗകര്യങ്ങള്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ വ്യാഴാഴ്ച 5186 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇന്നലെ അറസ്റ്റിലായത് 1833 പേരാണ്. 3660 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10818 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 35 കേസുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.