കേസിൽ കെ സുന്ദരയുടെ മൊഴി ജില്ലാ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ രേഖപ്പെടുത്തിയിരുന്നു. പണം നൽകുന്നതിന് മുമ്പ് ബിജെപി നേതാക്കൾ തട്ടിക്കൊണ്ടുപോയെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന മൊഴിയിൽ ഇദ്ദേഹം ഉറച്ചുനിൽക്കുന്നതായാണ് റിപ്പോർട്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ തട്ടിക്കൊണ്ട് പോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങൾ കൂടി ചുമത്തിയേക്കുമെന്നാണ് റിപ്പോർട്ട്.
കെ സുരേന്ദ്രന് പുറമെ ബിജെപി പ്രാദേശിക നേതാക്കൾക്കെതിരെയും കേസ് എടുക്കാൻ സാധ്യതയുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീഷ്കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു സുന്ദരയുടെ മൊഴി രേഖപ്പെടുത്തിയത്. പോലീസിന് നൽകിയ മൊഴിയിൽ പണം നൽകുന്നതിന് മുമ്പ് ബിജെപി പ്രാദേശിക നേതാക്കൾ ഭീഷണിപ്പെടുത്തിയെന്നും തട്ടിക്കൊണ്ടുപോയെന്നും തടങ്കലിൽവച്ചെന്നും സുന്ദര പറഞ്ഞിരുന്നു. മൊഴി തന്നെയാണ് സുന്ദര ക്രൈം ബ്രാഞ്ചിന് മുന്നിലും ആവര്‍ത്തിച്ചതെന്നാണ് റിപ്പോർട്ട്.
മഞ്ചേശ്വരം നിയമസഭ തെരഞ്ഞെടുപ്പിൽ നാമിനിർദ്ദേശ പത്രിക പിൻവലിക്കാൻ കെ സുന്ദരക്ക് കൈക്കൂലി നൽകിയെന്ന പരാതിയിൽ ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം ദേശീയ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഡൽഹിയിലേക്ക് പോയ സുരേന്ദ്രൻ തലസ്ഥാനത്ത് തുടരുകയാണ്. ഇന്നലെ ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയെ അദ്ദേഹം കണ്ടിരുന്നു.