ന്യൂഡൽഹി
അഞ്ചുവർഷത്തിനുള്ളിൽ ഉന്നതവിദ്യാഭ്യാസ മേഖലയിൽ പ്രവേശനം നേടിയ വിദ്യാർഥിനികളുടെ എണ്ണത്തിൽ 18.2 ശതമാനം വർധന. കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊക്രിയാൽ നിഷാങ്ക് പുറത്തിറക്കിയ ‘ഉന്നതവിദ്യാഭ്യാസം: അഖിലേന്ത്യാ സർവേ (എഐഎസ്എച്ച്ഇ)’ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
2015–-2016 മുതൽ 2019–-2020 വരെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികളുടെ മൊത്തം പ്രവേശന നിരക്കിൽ 11.4 ശതമാനത്തിന്റെ വർധനയുണ്ട്. ഇതേകാലയളവിലാണ് വിദ്യാർഥിനികളുടെ പ്രവേശനനിരക്കിൽ 18.2 ശതമാനം വർധന. 2018–-2019 വർഷം പ്രവേശനം 3.74 കോടിയായിരുന്നെങ്കിൽ 2019–-2020ൽ ഇത് 3.85 കോടിയായി ഉയർന്നു. 2014–-2015ൽ ആകെ പ്രവേശനം നേടിയിരുന്നത് 3.42 കോടി പേരായിരുന്നു.
2014–-2015 ൽ 1.17 ലക്ഷം പേരായിരുന്നു പിഎച്ച്ഡി ഗവേഷണം നടത്തിയിരുന്നതെങ്കിൽ 2019–-2020ൽ ഇത് 2.03 ലക്ഷമായി. 2019–-2020ൽ ഉന്നതവിദ്യാഭ്യാസമേഖലയിലെ വിദ്യാർഥി അധ്യാപക അനുപാതം 26 ആണെന്നും റിപ്പോർട്ടിൽ പറയുന്നു.















