കൊച്ചി > ഫ്ളാറ്റില് യുവതിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി മാര്ട്ടിന് ജോസഫിന്റെ കൂട്ടാളികള് പിടിയില്. തൃശൂര് പാവറട്ടി വെണ്മനാട് പറക്കാട്ട് ധനീഷ്(29), പുത്തൂര് കൈപ്പറമ്പ് കണ്ടിരുത്തി ശ്രീരാഗ്(27), വേലൂര് മുണ്ടൂര് പരിയാടന് ജോണ് ജോയി(28) എന്നിവരെയാണ് തൃശൂരില് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനിടെ മാര്ട്ടിനെതിരെ പീഡനത്തിനിരയായ മറ്റൊരു യുവതിയും പരാതി നല്കി.
മാര്ട്ടിനെ കൊച്ചിയില് നിന്ന് തൃശൂരിലേക്ക് പോകാന് സഹായിച്ചത് ധനീഷാണ്. തൃശൂരില് ഇയാള്ക്ക് ഒളിത്താവളവും ഭക്ഷണവും ഒരുക്കികൊടുത്തത് ശ്രീരാഗും ജോണും ചേര്ന്നായിരുന്നു. ഇവരില് നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില് മാര്ട്ടിന് ജോസഫ് ഒളിവില് കഴിയുന്ന പ്രദേശം പൊലിസ് തിരിച്ചറിഞ്ഞു. തൃശൂര് മുണ്ടൂരില് വീടിനോട് ചേര്ന്ന ആളൊഴിഞ്ഞ ചതുപ്പ് പ്രദേശത്താണ് ഇയാള് കഴിയുന്നതെന്നാണ് വിവരം. കൊച്ചിയില് നിന്നുള്ള അന്വേഷണ സംഘം തൃശൂര് പൊലീസിന്റെ സഹായത്തോടെ പരിസരത്ത് പരിശോധന ഊര്ജിതമാക്കി. എട്ടിന് കാക്കനാട്ടെ ഫ്ലാറ്റില് നിന്ന് പോയ മാര്ട്ടിന് അന്ന് മുതല് ഇവിടെ താമസിക്കുകയാണെന്ന് വിവരം. പുലര്ച്ചെ 4.30ന് ഫ്ളാറ്റില് നിന്ന് ധനീഷുമൊത്ത് പുറത്ത് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള് ലഭിച്ചിട്ടുണ്ട്.മാര്ട്ടിന് തൃശ്ശൂരിലെത്തിയ ബിഎംഡബ്ല്യു കാറടക്കം നാല് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായവരെ കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.
മാര്ട്ടിന് കഴിഞ്ഞ ദിവസം മുണ്ടൂരിലെത്തിയതായി മൊബൈല് ടവര് ലൊക്കേഷന് പരിശോധനയില് വ്യക്തമായി. മാര്ട്ടിന്റെ വീടിന് പരിസരത്ത് പൊലിസ് നിരീക്ഷണം ശക്തമാക്കി. ഇയാളുടെ വീട്ടുകാരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തു. എറണാകുളത്ത് ഫാഷന് ഡിസൈനറായി ജോലി ചെയ്ത് വരികയായിരുന്ന കണ്ണൂര് സ്വദേശിയായ യുവതിയെ ഫ്ളാറ്റില്വച്ച് ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ച സംഭവത്തിലാണ് മാര്ട്ടിന് ജോസഫിനെ തിരയുന്നത്.
മാര്ട്ടിനെതിരെ മറ്റൊരു യുവതിയും
മാര്ട്ടിന് പീഡിപ്പിച്ചെന്ന പരാതിയുമായി മറ്റൊരു യുവതികൂടി കൊച്ചി സിറ്റി പൊലിസിന് പരാതി നല്കിയിട്ടുണ്ടെന്ന് കമീഷണര് സി എച്ച് നാഗരാജു പറഞ്ഞു. ഇയാള് ദേഹോപദ്രവം ഏല്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് വനിത പൊലീസിന് നല്കിയ പരാതിയിലുള്ളത്. പ്രതിക്കെതിരെ പീഡനക്കേസ് ഉള്പ്പടെയുള്ള വകുപ്പുകള് ചുമത്തി കേസെടുത്തതായും കമ്മീഷണര് വ്യക്തമാക്കി. കാക്കനാട്ടെ യുവതിയുടെ ഫ്ളാറ്റില് വച്ചാണ് അതിക്രമം. മാര്ട്ടിന് ഈ ഫ്ളാറ്റില് നിന്നാണ് തൃശൂരിലേക്ക് പോയതെന്നാണ് പൊലീസ് നിഗമനം.