കൊച്ചി
നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിലെ മുഖ്യ ആസൂത്രകരിൽ ഒരാളെക്കൂടി ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. കോഴിക്കോട് തിരുവമ്പാടി കല്ലുരുട്ടി സ്വദേശി പി എച്ച് മുഹമ്മദ് മൻസൂറാണ് (37–-മഞ്ജു) പിടിയിലായത്. ദുബായ് കേന്ദ്രീകരിച്ച് നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്താൻ ഫൈസൽ ഫരീദിനെ സഹായിച്ചവരിൽ പ്രധാനിയാണിയാൾ.
ബുധനാഴ്ച രാവിലെ ദുബായിൽനിന്ന് കരിപ്പൂരിലെത്തിയ മൻസൂറിനെ എൻഐഎ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ അഞ്ചുദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടു. കേസിൽ 35–-ാംപ്രതിയാണിയാൾ. എൻഐഎ കോടതി ഇയാൾക്കായി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. യുഎഇയിൽനിന്ന് കേരളത്തിലേക്ക് നയതന്ത്ര ബാഗിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ മറ്റൊരു പ്രതിയായ മുഹമ്മദ് ഷാഫിയെ മൻസൂർ സഹായിച്ചിരുന്നുവെന്ന് എൻഐഎ വ്യക്തമാക്കി. സ്വർണക്കടത്തിലെ സാക്ഷി നൽകിയ വിവരങ്ങളിൽനിന്നാണ് മൻസൂറിന്റെ പങ്ക് വ്യക്തമായത്. ഒരുവർഷമായി മൻസൂർ ദുബായിലായിരുന്നു.
ജൂൺ 14 വരെയാണ് മൻസൂറിനെ എൻഐഎ കസ്റ്റഡിയിൽ വിട്ടത്. സ്വർണക്കടത്ത് കേസിൽ 22–-ാമത്തെ അറസ്റ്റാണിത്. 20 പ്രതികളെ ചേർത്ത് ജനുവരിയിൽ എൻഐഎ കുറ്റപത്രം നൽകിയിരുന്നു. ആറുപേർ ദുബായിൽ ഒളിവിലാണെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. 2020 ജൂലൈ അഞ്ചിന് തിരുവനന്തപുരം എയർ കാർഗോ വിമാനത്താവളത്തിലാണ് 30 കിലോ സ്വർണം കസ്റ്റംസ് പിടികൂടിയത്. പിന്നീട് എൻഐഎയും കേസ് രജിസ്റ്റർ ചെയ്തു.















