കൊച്ചി
യുവതിയെ മറൈൻഡ്രൈവിലെ ഫ്ലാറ്റിൽ പൂട്ടിയിട്ട് ക്രൂരപീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. തൃശൂർ പുറ്റേക്കര അഞ്ചൂർ പുലിക്കോട്ടിൽവീട്ടിൽ മാർട്ടിൻ ജോസഫിനെ (26)യാണ് പൊലീസ് അന്വേഷിക്കുന്നത്. മാർട്ടിൻ ഒളിവിൽ കഴിയാൻ സാധ്യതയുള്ള ഇടങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന. തൃശൂർ പൊലീസിന്റെ സഹായത്തോടെ കൊച്ചിയിൽനിന്നുള്ള അന്വേഷണസംഘമാണ് തെരച്ചിൽ നടത്തുന്നത്. ലുക്കൗട്ട് നോട്ടീസും ക്രൈംകാർഡും പുറപ്പെടുവിച്ചതിനാൽ പ്രതി പുറത്തിറങ്ങാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. സൈബർ വിദഗ്ധർ ഉൾപ്പെടെയുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.
കണ്ണൂർ സ്വദേശിയായ ഇരുപത്തേഴുകാരിയെയാണ് 22 ദിവസം തടങ്കലിൽ വച്ച് ലൈംഗികമായും ശാരീരികമായും ക്രൂരമായി പീഡിപ്പിച്ചത്. ഫെബ്രുവരി 15 മുതൽ മാർച്ച് എട്ടുവരെയായിരുന്നു പീഡനം. എറണാകുളത്ത് ഫാഷൻ ഡിസൈനറായി ജോലി ചെയ്യുമ്പോഴാണ് യുവതി മാർട്ടിനുമായി പരിചയത്തിലായത്. ഇവർ ഒരുമിച്ചുതാമസിക്കുകയുമായിരുന്നു. ഇതിനിടെ യുവതിയെ മാർട്ടിൻ ലൈംഗികമായി പീഡിപ്പിച്ചു. സ്വകാര്യദൃശ്യങ്ങൾ പകർത്തി. ഫ്ലാറ്റിന് പുറത്തുപോകുകയോ പീഡനവിവരം പുറത്തുപറയുകയോ ചെയ്താൽ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടർന്നു. ഒടുവിൽ മാർട്ടിന്റെ കണ്ണുവെട്ടിച്ച് യുവതി രക്ഷപ്പെട്ടു. യുവതി നൽകിയ പരാതിയിൽ ഏപ്രിൽ എട്ടിന് എറണാകുളം സെൻട്രൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കേസ് രജിസ്റ്റർ ചെയ്ത് മാസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് പ്രതിയെ പിടികൂടുന്നില്ലെന്ന ആരോപണം ഉയർന്നിരുന്നു. വനിതാ കമീഷൻ അടക്കം രംഗത്തുവരികയും ചെയ്തു.
മാര്ട്ടിനെതിരെ വേറെയും കേസുകൾ
യുവതിയെ ഫ്ലാറ്റിൽ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസിൽ പൊലീസ് തെരയുന്ന മാർട്ടിൻ ജോസഫ് സാമ്പത്തിക കുറ്റകൃത്യങ്ങളിലും മയക്കുമരുന്നുകേസിലും ഉൾപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചു. കൊച്ചിയിലെയും തൃശൂരിലെയും പൊലീസ് സംഘങ്ങൾ മുണ്ടൂർ മേഖലയിൽ ക്യാമ്പ് ചെയ്താണ് തെരച്ചിൽ നടത്തുന്നത്. സ്വദേശമായ മുണ്ടൂരിലെത്തിയതായി മൊബൈൽ ടവർ ലൊക്കേഷൻ പരിശോധനയിൽ വ്യക്തമായെങ്കിലും പ്രതി വീട്ടിലെത്തിയിട്ടില്ല. കൂട്ടാളികളുടെ സഹായത്തോടെ ഒളിവിൽ കഴിയാനുള്ള സാധ്യത പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളുടെ സംഘത്തിൽപ്പെട്ട എട്ടുപേരെ പൊലീസ് ചോദ്യം ചെയ്തു. യുവതിയെ പീഡിപ്പിച്ച വിവരം പുറത്താകുന്നതിന് ഏതാനും ദിവസം മുമ്പുവരെ ഇയാൾ മുണ്ടൂരും പരിസരത്തുമുണ്ടായിരുന്നു.
എറണാകുളത്ത് ആഡംബരസൗകര്യങ്ങളോടെയാണ് ജീവിതം നയിച്ചിരുന്നത്. മറൈൻഡ്രൈവിൽ മാസം അരലക്ഷം രൂപ വാടകയുള്ള ഫ്ലാറ്റിലായിരുന്നു താമസം. തൃശൂരിലെ വീടുമായോ വീട്ടുകാരുമായോ വലിയ ബന്ധം പുലർത്തിയിരുന്നില്ല. ഇടയ്ക്ക് ആഡംബര കാറുകളിൽ വീട്ടിൽ വരുന്നതൊഴിച്ചാൽ നാട്ടുകാർക്കും മാർട്ടിനെക്കുറിച്ച് കൂടുതൽ കാര്യങ്ങളറിയില്ല.
എറണാകുളത്ത് ബിസിനസാണെന്നുമാത്രമാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. നേരത്തേ ചില കഞ്ചാവുകേസുകളിൽ മാർട്ടിൻ ഉൾപ്പെട്ടിരുന്നതായാണ് വിവരം. മണി ചെയിൻ, ക്രിപ്റ്റോ കറൻസി ഇടപാടുകളിലൂടെയാണ് പണം സമ്പാദിച്ചിരുന്നത്.















