കാസർകോട്
മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം പിൻവലിക്കാൻ ബിജെപി കൈക്കൂലി നൽകിയ കേസിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഡിവൈഎസ്പി എ സതീഷ്കുമാറിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് റസ്റ്റ് ഹൗസിൽ പരാതിക്കാരനായ എൽഡിഎഫ് സ്ഥാനാർഥി വി വി രമേശന്റെ മൊഴിയെടുത്തു. അടുത്ത ദിവസം കെ സുന്ദരയുടെ മൊഴിയെടുക്കും.
ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയെയാണ് രണ്ടരലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകി പിൻവലിപ്പിച്ചത്. തന്നെ തട്ടികൊണ്ടുപോയി തടങ്കലിൽ വച്ച് ഭീഷണിപ്പെടുത്തിയെന്ന് സുന്ദര ബദിയടുക്ക പൊലീസിനും മൊഴി നൽകി.
പണം നൽകിയ വിവരം മാധ്യമപ്രവർത്തകരോടും വെളിപ്പെടുത്തി. തുടർന്നാണ് കൈക്കൂലി നൽകി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചതിന് കേസെടുക്കണമെന്ന രമേശന്റെ അപേക്ഷയിൽ കാസർകോട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി (രണ്ട്) ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ കേസെടുത്ത് അന്വേഷിക്കാൻ ഉത്തരവിട്ടത്.















