തിരുവനന്തപുരം
അതിദാരിദ്ര്യം ഇല്ലാതാക്കാനുള്ള സർക്കാർ നടപടികൾക്ക് പിന്തുണ നൽകണമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ അഭ്യർഥിച്ചു. തിരുവനന്തപുരം നഗരസഭ നടപ്പാക്കുന്ന ‘ഗിഫ്റ്റ് എ സ്മൈൽ’ പദ്ധതിയുടെ ഭാഗമായി കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂണിയനും (കെഎംസിഎസ്യു ) തിരുവനന്തപുരം മുനിസിപ്പൽ വർക്കേഴ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച മുണ്ട് ചലഞ്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുണ്ട് ചലഞ്ചിലെ ആദ്യവിൽപ്പന മേയർ ആര്യ രാജേന്ദ്രൻ നിർവഹിച്ചു. കൈത്തറി മേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കുക കൂടി ലക്ഷ്യമിട്ട് നടത്തുന്ന ചലഞ്ചിൽനിന്ന് ലഭിക്കുന്ന തുക നിർധനരായ വിദ്യാർഥികൾക്ക് ലാപ്ടോപ്പും സ്മാർട് ഫോണും വാങ്ങി നൽകാനാണ് ഉപയോഗിക്കുക. ചടങ്ങിൽ മുനിസിപ്പൽ വർക്കേഴ്സ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി കണ്ണമ്മൂല വിജയകുമാർ അധ്യക്ഷനായി.