തിരുവനന്തപുരം
ഭൂമി പതിവ് ചട്ടത്തിൽ ഇടുക്കിക്കുമാത്രമായി മാറ്റം വരുത്തുന്നത് പരിഗണനയിലില്ലെന്ന് റവന്യൂമന്ത്രി കെ രാജൻ നിയമസഭയിൽ പറഞ്ഞു. കേരള ഭൂമി പതിവ് ചട്ടം പ്രകാരം കൃഷിക്കും താമസത്തിനും സമീപ വസ്തുവിന്റെ അനുഭവത്തിനും പ്രത്യേക ഭൂമി പതിവ് ചട്ടം പ്രകാരം കൃഷിക്കും താമസത്തിനും കടയ്ക്കുമാണ് പട്ടയം അനുവദിക്കുക. എല്ലാ ജില്ലയിലും ഇത് ഒരുപോലെ ബാധകമാണെന്നിരിക്കെ ഇടുക്കിക്കായി പ്രത്യേക ചട്ടം നിർമിക്കാനാകില്ല. പി ജെ ജോസഫിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.
മൂന്നാറിൽ കാർഷികാവശ്യത്തിനായി പതിച്ചുകൊടുത്ത ഭൂമിയിൽ വ്യാപക നിർമാണം നടക്കുന്നതിനാൽ, റവന്യൂവകുപ്പിന്റെ എൻഒസി ഇല്ലാതെ ഒരുവിധ നിർമാണവും നടത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി 2010ൽ ഇടക്കാല ഉത്തരവിറക്കിയിരുന്നു. ഇതേത്തുടർന്നാണ് റവന്യൂവകുപ്പിന്റെ എൻഒസി നിർബന്ധമാക്കിയത്. 1993ലെ പ്രത്യേക ഭൂമി പതിവ് ചട്ടം പ്രകാരം പട്ടയം അനുവദിച്ച സ്ഥലം മുഴുവൻ വനഭൂമിയായതിനാൽ ഇവിടെ തരംമാറ്റം അനുവദിക്കാനാകില്ല. ഇത്തരം തരംമാറ്റത്തിന് കേന്ദ്രാനുമതി ആവശ്യമാണ്. നിലവിൽ സംസ്ഥാനമൊട്ടാകെ കാർഷികാവശ്യത്തിന് പതിച്ചുനൽകിയ ഭൂമിയിലും തരംമാറ്റത്തിന് വിലക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.