തിരുവനന്തപുരം
പെട്രോളിന്റെയും ഡീസലിന്റെയും വില വർധനവിന് കേന്ദ്രം ഭരിച്ച കോൺഗ്രസും ഇപ്പോൾ ഭരിക്കുന്ന ബിജെപിയും ഒരുപോലെ ഉത്തരവാദികളാണെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ഒന്നാം പിണറായി സർക്കാർ പെട്രോളിനും ഡീസലിനുമുള്ള നികുതി കുറയ്ക്കുകയാണ് ചെയ്തത്. ഈ സർക്കാരും നികുതി കൂട്ടിയിട്ടില്ല. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധനവിൽ പ്രധാന കുറ്റവാളിയായ ബിജെപിയെ കുറ്റപ്പെടുത്താതെ സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നത് രാഷ്ട്രീയ ലാക്കോടെയാണ്. കേരള നിയമസഭയിൽ ബിജെപിയില്ലാത്തതിന്റെ കുറവ് യുഡിഎഫ് നികത്തുകയാണെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.
പെട്രോളിയം വില വർധനവുമായി ബന്ധപ്പെട്ട് മുസ്ലിംലീഗിലെ എൻ ഷംസുദ്ദീൻ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു ബാലഗോപാൽ. കേരളത്തിൽ പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവുമാണ് നികുതി. എന്നാൽ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ 36 ശതമാനമാണ് നികുതി. മധ്യപ്രദേശിൽ 33 ശതമാനവും കർണാടകയിൽ 35 ശതമാനവും നികുതി ഈടാക്കുന്നു.
കഴിഞ്ഞ സർക്കാർ നികുതി കുറച്ചു.
ഒന്നാം പിണറായി സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ചു. യുഡിഎഫ് 2016ൽ അധികാരം ഒഴിയുമ്പോൾ പെട്രോളിന് 31.08 ശതമാനവും ഡീസിലിന് 24.52 ശതമാനവുമായിരുന്നു നികുതി. എന്നാൽ 2018ൽ ഇത് യഥാക്രമം 30.08 ഉം 22.76 ശതമാനവുമായി കുറച്ചു. 509 കോടിരൂപയാണ് ഒരു വർഷം വരുമാനം കുറഞ്ഞത്. ഇതുവരെ 1500 കോടിരൂപയും. പ്രതിസന്ധിയുണ്ടായിട്ടും ഈ നികുതി വർധിപ്പിച്ചില്ല. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പെട്രോളിന് 13 തവണയും ഡീസലിന് അഞ്ച് തവണയും നികുതി കൂട്ടി. പിന്നീട് ഈ കുട്ടിയതിൽ ചെറിയ കുറവ് വരുത്തി. അതിനാൽ യുഡിഎഫ് കാലത്ത് നികുതി കുറച്ചുവെന്ന് പറയുന്നതിൽ വലിയ കാര്യമില്ല.
ജിഎസ്ടിയിലൂടെ
അധികാരം കവർന്നു
ജിഎസ്ടിയിലൂടെ സംസ്ഥാനങ്ങളുടെ സാമ്പത്തിക പരമാധികാരം കവരുകയാണ് കേന്ദ്ര സർക്കാർ. നിലവിൽ മദ്യത്തിനും പെട്രോളിയത്തിനും മാത്രമാണ് സംസ്ഥാനങ്ങൾക്ക് നികുതി ചുമത്താൻ അധികാരമുള്ളത്. 2018ന് ശേഷം നികുതി വർധിപ്പിക്കാതിരുന്നിട്ടും പെട്രോളിയത്തെ ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്ന് യുഡിഎഫ് ആവശ്യപ്പെടുന്നത് ആരുടെ താൽപ്പര്യമാണെന്നും കെ എൻ ബാലഗോപാൽ ചോദിച്ചു. മന്ത്രിയുടെ മറുപടിയെ തുടർന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.