അസുൻകിയോൺ (പരാഗ്വേ)
ലോകകപ്പ് ഫുട്ബോൾ യോഗ്യതയിൽ ബ്രസീൽ കുതിപ്പ് തുടരുന്നു. പരാഗ്വേയെ രണ്ട് ഗോളിന് മറികടന്ന് ലാറ്റിനമേരിക്കൻ റൗണ്ടിൽ തുടർച്ചയായ ആറാംജയം കുറിച്ചു. 1969നുശേഷം യോഗ്യതാഘട്ടത്തിലെ ബ്രസീലിന്റെ എക്കാലത്തെയും മികച്ച തുടക്കമാണിത്. പരാഗ്വേയിൽ 36 വർഷത്തിനുശേഷമാണ് അവർ ജയിക്കുന്നത്. മറ്റൊരു കളിയിൽ അർജന്റീനയെ കൊളംബിയ തളച്ചു (2–-2). എട്ടു മിനിറ്റിനുള്ളിൽ രണ്ട് ഗോളിനുമുന്നിലെത്തിയ അർജന്റീന പരിക്കുസമയത്താണ് സമനില വഴങ്ങിയത്.
ഒന്നാമതുള്ള ബ്രസീലിന് 18 പോയിന്റാണ്. രണ്ടാമതുള്ള ലയണൽ മെസിയുടെ അർജന്റീനയ്ക്ക് 12ഉം. നെയ്മറിന്റെ മികവിലാണ് ഇത്തവണയും ബ്രസീൽ മിന്നിയത്. ഈ മുന്നേറ്റക്കാരൻ ഒരു ഗോൾ നേടുകയും ലൂക്കാസ് പക്വേറ്റയുടേതിന് വഴിയൊരുക്കുകയും ചെയ്തു. നാല് യോഗ്യതാമത്സരത്തിൽ അഞ്ച് ഗോളും നാല് അസിസ്റ്റുമാണ് നെയ്മർ ബ്രസീലിനായി ഒരുക്കിയത്. കൊളംബിയക്കെതിരെ മിന്നുന്ന തുടക്കമായിരുന്നു അർജന്റീനയ്ക്ക്. ക്രിസ്റ്റ്യൻ റൊമേറോയും ലിയാൻഡ്രോ പരദെസും എട്ടുമിനിറ്റിനകം കൊളംബിയൻ വലയിൽ പന്തെത്തിച്ചു. എന്നാൽ, കൊളംബിയ വിട്ടുകൊടുത്തില്ല. ഇടവേള കഴിഞ്ഞ് ലൂയിസ് മുറിയേൽ പെനൽറ്റിയിലൂടെ മടക്കി. അവസാന നിമിഷം മിഗ്വേൽ ബോർഹ അർജന്റീനൻ പ്രതീക്ഷകൾ അവസാനിപ്പിച്ചു. ഉറുഗ്വേ–-വെനസ്വേല ഗോളില്ലാകളിയായി.