റോം
കോവിഡ് മഹാമാരി വിതച്ച ദുരിതദിനങ്ങൾക്കൊടുവിൽ കളിക്കളത്തിൽ ആവേശമെത്തുന്നു. യൂറോപ്യൻ ഫുട്ബോളിലെ വമ്പൻമാർ അണിനിരക്കുന്ന യൂറോ കപ്പിന് നാളെ ഇറ്റാലിയൻ നഗരമായ റോമിൽ തുടക്കമാകും. ആദ്യകളി ഇറ്റലിയും തുർക്കിയും തമ്മിൽ. കോവിഡ് കാരണം കഴിഞ്ഞവർഷം മാറ്റിവച്ചതാണ് ‘യൂറോ 2020’. ഇരുപത്തിനാല് ടീമുകൾ മാറ്റുരയ്ക്കും. ആറ് ഗ്രൂപ്പുകൾ. ആകെ എട്ട് രാജ്യങ്ങളിലെ വേദികളിലായാണ് പോരാട്ടങ്ങൾ.
വേദികളിൽ അവിടത്തെ നിലവിലെ സാഹചര്യങ്ങൾക്കനുസരിച്ചാണ് കാണികൾക്കുള്ള പ്രവേശം. 11ന് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ ഒരു ടീം കപ്പുയർത്തും.ക്രിസ്റ്റ്യാനോ റൊണാൾഡോയും കിലിയൻ എംബാപ്പെയും ഹാരി കെയ്നും തുടങ്ങി ലോക ഫുട്ബോളിലെ മിന്നുംതാരങ്ങൾ ഇന്നുമുതൽ യൂറോയുടെ കളിത്തട്ടിലാണ്. കിരീടംകൊതിച്ച് ഒരു നിരതന്നെയുണ്ട്. സാധ്യതകളിൽ എല്ലാത്തിലും ബലാബലം.
നിലവിലെ ചാമ്പ്യൻമാരുടെ പകിട്ടുമായെത്തുന്ന പോർച്ചുഗൽ, ലോക ചാമ്പ്യൻമാരായ ഫ്രാൻസ്, മുൻ ചാമ്പ്യൻമാരായ ജർമനി, ഇറ്റലി, സ്പെയ്ൻ, നെതർലൻഡ്സ്, കന്നിക്കിരീടം കൊതിക്കുന്ന ഇംഗ്ലണ്ട്, ബൽജിയം ടീമുകളാണ് രംഗത്ത്. റൊണാൾഡോ നയിക്കുന്ന പോർച്ചുഗൽ ടീം താരസമ്പന്നമാണ്. ബ്രൂണോ ഫെർണാണ്ടസ്, ജോയോ കാൻസെലൊ, റൂബെൻ ഡയെസ്, ദ്യേഗോ ജോട്ട, ബെർണാഡോ സിൽവ, പെപെ തുടങ്ങിയ മിന്നുംതാരങ്ങളും ഒപ്പം ചേർന്നാൽ പോർച്ചുഗലിനെ പിടിച്ചുകെട്ടാൻ എതിരാളികൾ വിയർക്കും. ജർമനിയും ഫ്രാൻസും ഉൾപ്പെട്ട ഗ്രൂപ്പിൽ വെല്ലുവിളിയുമുണ്ട്. ഹംഗറിയാണ് ഗ്രൂപ്പിലെ നാലാം ടീം.
ജോക്വിം ലോയ്ക്ക് കീഴിലുള്ള അവസാന പ്രധാന ടൂർണമെന്റാണ് ജർമനിക്ക്. 2018 ലോകകപ്പിലെ മോശം പ്രകടനം മറക്കണം. തോമസ് മുള്ളറുടെ തിരിച്ചുവരവാണ് ശ്രദ്ധേയം. കയ് ഹവേർട്സ്, ടിമോ വെർണർ എന്നീ യുവതാരങ്ങളുടെ മാറ്റുരയ്ക്കുന്ന ടൂർണമെന്റാകും ഇത്. ഇകായ് ഗുൺഡോവൻ, ജോഷ്വ കിമ്മിച്ച്, സെർജി നാബ്രി, ടോണി ക്രൂസ്, ഗോൾ കീപ്പർ മാനുവൽ നോയെ തുടങ്ങി ജർമനിയുടെ നിര നീളും.
ഫ്രാൻസ് ലോകകപ്പിനൊപ്പം യൂറോയുടെ കിരീടവും കൂടാരത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ്. എംബാപ്പെ, ഒൺടോയ്ൻ ഗ്രീസ്മാൻ, കരിം ബെൻസെമ, എൻഗോളോ കാന്റെ, പോൾ പോഗ്ബ, ബഞ്ചമിൻ പവാർദ് തുടങ്ങി ലോകോത്തര താരങ്ങളാണ് ഫ്രഞ്ച് ടീമിൽ.തോൽവിയറിയാതെ കുതിക്കുന്ന ഇറ്റലിയാണ് മറ്റൊരു പ്രധാന സംഘം. സന്നാഹമത്സരങ്ങളിൽ മിന്നി. ലോറെൻസോ ഇൻസിന്യെ, ഫെഡെറികോ ചിയേസ, സിറോ ഇമ്മൊബീൽ എന്നിവർ മുന്നേറ്റത്തിലും ലിയനാർഡോ ബൊനൂഷി, ജോർജിനോ കില്ലെനി എന്നിവർ പ്രതിരോധത്തിലും റോബർട്ടോ മാൻസീനിയുടെ സംഘത്തിന് ഉണർവ് പകരുന്നു.
ഹാരി കെയ്നിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് ടീമിന്റെയും ഒരുക്കം മികച്ചതായിരുന്നു. ഫിൽ ഫോദെനും ജെയ്ഡൻ സാഞ്ചോയും ഉൾപ്പെടുന്ന യുവനിര ഇക്കുറി അത്ഭുതങ്ങൾ കാട്ടുമെന്നാണ് പ്രതീക്ഷ. സ്പെയ്ൻ പ്രതിസന്ധിയിലാണ്. ക്യാപ്റ്റൻ സെർജിയോ ബുസ്ക്വെറ്റ്സ് ഉൾപ്പെടെയുള്ളവർക്ക് കോവിഡാണ്. യുവനിരയാണ് ലൂയിസ് എൻറിക്വെയുടെ സംഘത്തിന്റേത്.തുർക്കി, ക്രൊയേഷ്യ, സ്വിറ്റ്സർലൻഡ്, സ്വീഡൻ ടീമുകളും അട്ടിമറിക്ക് കെൽപ്പുള്ളവരാണ്.