തിരുവനന്തപുരം
ഒരു കുടുംബത്തിൽ ഒരു സർക്കാർ ജോലി ഉറപ്പാക്കാനുള്ള കഞ്ഞിക്കുഴി പഞ്ചായത്തിന്റെ കരിയർ കഞ്ഞിക്കുഴി പദ്ധതി മാതൃകാപരമാണെന്ന് തദ്ദേശഭരണമന്ത്രി എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. അഞ്ചുവർഷംകൊണ്ട് പഞ്ചായത്തിലെ എല്ലാ കുടുംബത്തിലെയും ഒരാൾക്കെങ്കിലും സർക്കാർ ജോലി ലഭ്യമാക്കാൻ ഉദ്യോഗാർഥികളെ പ്രാപ്തമാക്കുയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി ഉദ്യോഗാർഥികൾക്ക് സൗജന്യവും സമഗ്രവുമായ പരീക്ഷാ പരിശീലനം ഒരുക്കുകയാണ് പഞ്ചായത്ത്. യുപിഎസ്സിയും പിഎസ്സിയും മറ്റ് കേന്ദ്ര സംസ്ഥാന ഏജൻസികളും നടത്തുന്ന മത്സരപ്പരീക്ഷകളിൽ മികവുറ്റ പ്രകടനം കാഴ്ചവയ്ക്കാൻ വിപുലമായ പരിശീലന സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.
കോവിഡ് സാഹചര്യത്തിൽ പഞ്ചായത്തിലെ 18 വാർഡിലും വാട്സാപ് ഗ്രൂപ്പുകൾ തയ്യാറാക്കി ഓൺലൈനായാണ് ക്ലാസ് സംഘടിപ്പിക്കുന്നത്. 1500ൽ അധികം പേർ രജിസ്റ്റർ ചെയ്തു. ജനപ്രതിനിധികളുടെയും റിട്ട. സർക്കാർ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള അക്കാദമിക് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ വിദഗ്ധരായ അധ്യാപകരാണ് ക്ലാസ് കൈകാര്യം ചെയ്യുന്നത്. കഞ്ഞിക്കുഴി പഞ്ചായത്തിന്റെ ഈ പുതിയ ഉദ്യമം മറ്റ് തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അനുകരിക്കാവുന്ന മാതൃകയാണെന്ന് മന്ത്രി എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.