കൊച്ചി
ലക്ഷദ്വീപ് നിവാസികളുടെ ഉജ്വല പ്രക്ഷോഭത്തിന് പിന്നാലെ രണ്ട് വിവാദ ഉത്തരവുകൾ പിൻവലിച്ചു. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേലിന്റെ നിർദേശപ്രകാരം പോർട്ട് എംഡി ഇറക്കിയ ഉത്തരവുകളാണ് പിൻവലിച്ചത്. ദ്വീപിൽനിന്ന് മീൻപിടിക്കാൻ പോകുന്ന ബോട്ടിൽ സർക്കാർ ഉദ്യോഗസ്ഥൻകൂടി ഉണ്ടായിരിക്കണമെന്ന ഉത്തരവും കപ്പലുകളിലും തുറമുഖത്തും പരിസരത്തും ലെവൽ 2 സുരക്ഷ ഏർപ്പെടുത്തിയ ഉത്തരവുമാണ് പിൻവലിച്ചത്.
ഉദ്യോഗസ്ഥർ മീൻപിടിത്ത ബോട്ടിൽ കടലിൽ പോകണമെന്ന ഉത്തരവിനെതിരെ ജീവനക്കാരും ശക്തമായ എതിർപ്പ് അറിയിച്ചിരുന്നു. ദ്വീപിന്റെ സുരക്ഷസംബന്ധിച്ച് കേന്ദ്ര ഇന്റലിജൻസിന്റെ മുന്നറിയിപ്പുണ്ടെന്നു പറഞ്ഞാണ് കപ്പലുകളുടെയും ബോട്ട് ജെട്ടികളുടെയും സുരക്ഷ ലെവൽ 2 നിലവാരത്തിലാക്കിയത്. ലക്ഷദ്വീപിലേക്കും പുറത്തേക്കുമുള്ള യാത്രകളും ജലയാനങ്ങളുടെ വരവും പോക്കുമെല്ലാം കർശന നിരീക്ഷണത്തിനും പരിശോധനയ്ക്കും വിധേയമാക്കലായിരുന്നു ലക്ഷ്യം.
അഡ്മിനിസ്ട്രേറ്റർ നടപ്പാക്കുന്ന പരിഷ്കാരങ്ങൾക്കെതിരെ തിങ്കളാഴ്ച ദ്വീപുജനത 12 മണിക്കൂർ വീട്ടുപടിക്കൽ ഉപവാസ പ്രതിഷേധം നടത്തിയിരുന്നു. ഉത്തരവുകൾ പിൻവലിച്ചത് ലക്ഷദ്വീപ് നിവാസികളുടെ വിജയമായി. ലക്ഷദ്വീപ് യാത്രികർക്കും ലഗേജിനും കർശന പരിശോധന ഏർപ്പെടുത്തുന്ന നിർദേശവും ബർത്തുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത് ഉൾപ്പെടെ പരിഷ്കാരങ്ങളും പിൻവലിച്ചിട്ടില്ല.