തിരുവനന്തപുരം
മരച്ചീനിയിൽനിന്ന് വ്യാവസായിക ആവശ്യത്തിന് സ്പിരിറ്റ് ഉൽപ്പാദിപ്പിക്കുന്നത് അടക്കമുള്ള സാധ്യതകളിൽ സംസ്ഥാനം ഗൗരവകരമായ ചർച്ചയും നടപടിയും ആരംഭിക്കേണ്ടതുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പ്രതിവർഷം 4000 കോടി രൂപയെങ്കിലും സംസ്ഥാന സമ്പദ്ഘടനയ്ക്ക് സംഭാവന ചെയ്യാൻ മരച്ചീനിയിലെ സ്പിരിറ്റ് ഉൽപ്പാദനത്തിന് കഴിയുമെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് ബജറ്റ് ചർച്ചയ്ക്ക് മന്ത്രി മറുപടി നൽകി.
വിയറ്റ്നാം ഉൾപ്പെടെയുള്ള ചെറുരാജ്യങ്ങൾപോലും കാർഷിക വിളകളുടെ മൂല്യവർധിത ഉൽപ്പന്നങ്ങളുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നു. ചക്കപ്പഴവും കൈതച്ചക്കയും നിർജലീകരിച്ച് കഴിക്കാനാകുന്ന ഉപ്പേരിയും മീൻ അരച്ചുകുഴമ്പാക്കി തയ്യാറാക്കുന്ന പലഹാരങ്ങളുമൊക്കെ വിയറ്റ്നാം സന്ദർശനവേളയിൽ നേരിട്ട് മനസ്സിലാക്കിയിട്ടുണ്ട്. ഇത്തരം വൈവിധ്യവൽക്കരണമേ കൃഷിയെ സംരക്ഷിക്കാൻ സഹായിക്കൂ. അതിനുള്ള അവസരങ്ങളാണ് ബജറ്റ് തുറന്നിടുന്നത്.
കശുവണ്ടി, കയർ, കൈത്തറി തുടങ്ങിയ പരമ്പരാഗതമേഖലയിലെയും ടൂറിസംമേഖലയിലെയും തളർച്ച ഒഴിവാക്കാൻ സ്ഥാപനങ്ങൾക്ക് പലിശ കുറഞ്ഞ വായ്പ അനുവദിക്കുന്നത് പരിഗണിക്കും. അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കുന്നതിന് മുൻഗണന നൽകും. പാറ ഖനനത്തിന് നികുതി വർധനയിലൂടെ അനിയന്ത്രിത ഖനനാനുമതി നൽകലല്ല ഉദ്ദേശിക്കുന്നത്. മേഖലയിൽനിന്ന് കിട്ടാനുള്ള നികുതി സമാഹരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.