തിരുവനന്തപുരം
കെപിസിസി അധ്യക്ഷനായി നിയമിതനായതിന് തൊട്ടുപിന്നാലെ ബിജെപിയോടുള്ള മൃദുസമീപനം പരസ്യമാക്കി കെ സുധാകരൻ. ബിജെപിയല്ല, സിപിഐ എം ആണ് കോൺഗ്രസിന്റെ മുഖ്യശത്രുവെന്ന് സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ കെ സുധാകരൻ വ്യക്തമാക്കി. ‘കേരളത്തിൽ ബിജെപി ദുർബലമാണ്. സിപിഐ എം ആണ് എതിർക്കപ്പെടേണ്ടത്’ ഇങ്ങനെയാണ് കെ സുധാകരൻ പ്രതികരിച്ചത്.
ബിജെപിയുമായി ഒത്തുപോകാൻ കഴിയുമെന്ന് തനിക്ക് ബോധ്യപ്പെട്ടാൽ ആ പാർടിയിൽ ചേരാൻ മടിക്കില്ലെന്ന് മുമ്പ് കെ സുധാകരൻ നടത്തിയ പ്രതികരണം കോൺഗ്രസിൽ വിവാദമായിരുന്നു. എന്നാൽ കെപിസിസി അധ്യക്ഷ സ്ഥാനത്ത് എത്തിയപ്പോഴും ബിജെപിയോടുള്ള ‘ചങ്ങാത്ത സമീപനം’ സുധാകരൻ വെളിപ്പെടുത്തിയത് പാർടിയിലെ എതിർപക്ഷം ഗൗരവത്തോടെയാണ് കാണുന്നത്.
എതിർത്ത് മുരളീധരൻ
കെ സുധാകരന്റെ ബിജെപി പക്ഷ നിലപാടിനോട് എതിർപ്പുമായി കെ മുരളീധരൻ രംഗത്ത് വന്നു. ബിജെപിയോടുള്ള മൃദു സമീപനമാണ് ന്യൂനപക്ഷങ്ങളെ കോൺഗ്രസിൽനിന്നും അകറ്റിയതെന്നും ഈ നിലപാട് മാറ്റണമെന്നും കെ മുരളീധരൻ സുധാകരന് മുന്നറിയിപ്പ് നൽകി.
പ്രയാസം തുറന്നുപറഞ്ഞ്
എ ഗ്രൂപ്പ്
ഗ്രൂപ്പുകളെ അപ്രസക്തമാക്കാനുള്ള ഹൈക്കമാൻഡ് നീക്കത്തിൽ കോൺഗ്രസിൽ അതൃപ്തി പുകയാൻ തുടങ്ങി. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തതിലുള്ള തങ്ങളുടെ ‘പ്രയാസം’ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്ന് ആദ്യവെടിപൊട്ടിച്ച് എ ഗ്രൂപ്പ് നേതാവ് കെ സി ജോസഫ് രംഗത്ത് വന്നു. ഗ്രൂപ്പ് താൽപ്പര്യങ്ങൾ അവഗണിച്ചാൽ ശക്തിയായി ചോദ്യം ചെയ്യുമെന്ന മുന്നറിയിപ്പാണ് കെ സി ജോസഫ് നൽകുന്നത്. തനിക്ക് ഗ്രൂപ്പില്ലെന്ന കെ സുധാകരന്റെ വാദത്തെയും കെ സി ഖണ്ഡിച്ചു. കെ സുധാകരനും നേരത്തേ ഗ്രൂപ്പുണ്ടായിരുന്നുവെന്നും ഗ്രൂപ്പുകൾ കോൺഗ്രസിനെ ശക്തിപ്പെടുത്തിയിട്ടേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഭാരവാഹികൾ തെറിക്കും
എ,ഐ ഗ്രൂപ്പുകാരെ തുടച്ചുനീക്കി സമ്പൂർണ അഴിച്ചുപണിയുമായി മുന്നോട്ടുപോകാനാണ് കെ സുധാകരന് ഹൈക്കമാൻഡ് നൽകിയ നിർദേശം. ആറുമാസത്തിനുള്ളിൽ കെപിസിസി,ഡിസിസി തലത്തിൽ പുനഃസംഘടന നടത്തണം. ഗ്രൂപ്പ് പരിഗണനയിൽ കയറിക്കൂടിയ ഡിസിസി പ്രസിഡന്റുമാരും കെപിസിസി ഭാരവാഹികളും പുറത്താകുമെന്ന സൂചനയാണ് സുധാകരൻ നൽകുന്നത്. കഴിവില്ലാത്തവർ നേതൃത്വത്തിൽ വന്നതാണ് കോൺഗ്രസിന്റെ തകർച്ചയ്ക്ക് കാരണം. സ്വന്തക്കാരെ കുത്തിത്തിരുകി കമ്മിറ്റികളുണ്ടാക്കിയെന്നും ഇവരെയെല്ലാം മാറ്റുമെന്നും സുധാകരൻ പറഞ്ഞു.
ഗ്രൂപ്പുകളിൽ പടയൊരുക്കം
ഗ്രൂപ്പുകളെ ഉന്മൂലനം ചെയ്യാനുള്ള നീക്കത്തിനെതിരെ യോജിച്ച പോരാട്ടത്തിന് എ,ഐ ഗ്രൂപ്പ് തയ്യാറെടുക്കുന്നു. പുനഃസംഘടനയിലും ഗ്രൂപ്പ് നേതൃത്വങ്ങളെ അവഗണിച്ച് മുന്നോട്ടുപോകാനാണ് ഭാവമെങ്കിൽ എന്തുവിലകൊടുത്തും ചെറുക്കാനാണ് തീരുമാനം. ഉമ്മൻചാണ്ടിയുമായി ആശയവിനിമയം നടത്തിയ രമേശ് ചെന്നിത്തല പിന്നീട് കെപിസിസി ആസ്ഥാനത്ത് എത്തി മുല്ലപ്പള്ളിയെ കണ്ടു. രാഹുൽ ഗാന്ധിയെ മുന്നിൽ നിർത്തി കെ സി വേണുഗോപാൽ ഒരുക്കിയ തിരക്കഥയാണ് അരങ്ങേറുന്നതെന്ന സന്ദേശമാണ് മൂവരും അണികൾക്ക് നൽകിയിട്ടുള്ളത്.
ഇനി കെഎസ് വിഡി ഗ്രൂപ്പ്
ഇതിനിടെ വി ഡി സതീശനും കെ സുധാകരനും കൈകോർത്തതോടെ ‘കെഎസ്–-വിഡി’ എന്ന പുതിയ ഗ്രൂപ്പും അണിയറയിൽ പിറവിയെടുത്തു. എ,ഐ ഗ്രൂപ്പുകളിൽനിന്ന് ജില്ലാതല നേതാക്കളടക്കം ഈ ഗ്രൂപ്പിലേക്ക് കളംമാറുകയാണ്.