ന്യൂഡൽഹി
ഏഴ് വർഷത്തിനിടെ മുൻ കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും എംപിമാരും അടക്കം ഡസൻകണക്കിനു പ്രമുഖ കോൺഗ്രസ് നേതാക്കളാണ് ബിജെപിയിലേക്ക് ചേക്കേറിയത്. എസ് എം കൃഷ്ണ (കർണാടകം), എൻ ഡി തിവാരി (യുപി), നാരായൺ റാണെ (മഹാരാഷ്ട്ര), ജഗദംബിക പാൽ (യുപി), ബീരേൻസിങ് (മണിപ്പുർ), വിജയ് ബഹുഗുണ (ഉത്തരാഖണ്ഡ്), പ്രേമ ഖണ്ഡു (അരുണാചൽപ്രദേശ്) എന്നീ മുൻ കോൺഗ്രസ് മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരായിരുന്ന റാവു ഇന്ദർജിത് സിങ്, ജ്യോതിരാദിത്യ സിന്ധ്യ, ജിതിൻ പ്രസാദ, സംസ്ഥാന മന്ത്രിമാരായിരുന്ന ഹിമാന്ത ബിസ്വ സാർമ, കൃഷ്ണ തിരാത്, രാജ്കുമാർ ചൗഹാൻ, ധീരേന്ദർസിങ് എന്നിവരും ബിജെപിയിലേക്ക് കുടിയേറി.
പിസിസി പ്രസിഡന്റുമാരായിരുന്ന റീത്ത ബഹുഗുണ (യുപി), ഹിരണ്യ ഭൂയൻ (അസം) എന്നിവരും ബിജെപിയിലേക്ക് പോയി. അരുണാചൽപ്രദേശ്, ത്രിപുര, മഹാരാഷ്ട്ര അടക്കം പല സംസ്ഥാനങ്ങളിലും ബിജെപി എംഎൽഎമാരിൽ ഭൂരിപക്ഷവും കോൺഗ്രസിൽനിന്ന് അടുത്തിടെ എത്തിയവരാണ്.