വാഷിങ്ടൺ
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്ക് ക്വാഡ് വാഗ്ദാനം ചെയ്ത 100 കോടി ഡോസ് കോവിഡ് വാക്സിൻ എത്തിക്കാൻ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് വൈറ്റ് ഹൗസ് ഇൻഡോ പസഫിക് നയ ഡയറക്ടർ കുർട്ട് ക്യാംപെൽ. മാർച്ചിൽ ക്വാഡിന്റെ ആദ്യ നേതൃയോഗത്തിലാണ് 2022ഓടെ വാക്സിൻ എത്തിക്കാൻ തീരുമാനിച്ചത്. കോവിഡ് രൂക്ഷമായതോടെ ഇന്ത്യ വാക്സിൻ കയറ്റുമതി നിർത്തിവച്ചത് പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും പറഞ്ഞ സമയത്തിനുള്ളിൽ വാക്സിൻ എത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ക്യാംപെൽ പറഞ്ഞു.
ക്വാഡ് നേതാക്കൾ നേരിട്ട് പങ്കെടുക്കുന്ന യോഗം ഉടൻ ചേരും. വാക്സിനപ്പുറമുള്ള വിഷയങ്ങളിൽ മറ്റ് രാജ്യങ്ങളുമായി സഹകരിക്കുന്നതും പരിഗണിക്കും–- അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്ത്യയ്ക്ക് കൂടുതൽ വാക്സിൻ ലഭ്യമാക്കണമെന്ന് ബ്രാഡ് വെൻസ്ട്രപ് ഉൾപ്പെടെ ചില അമേരിക്കൻ കോൺഗ്രസ് അംഗങ്ങൾ ആവശ്യപ്പെട്ടു.