ബ്രസല്സ്
യുഎസ് സമ്മര്ദത്തിനു വഴങ്ങി ക്യൂബയുമായുള്ള രാഷ്ട്രീയ സംവാദ സഹകരണ കരാറില്നിന്ന് പിന്മാറില്ലെന്ന് യൂറോപ്യന് യൂണിയന് വിദേശകാര്യ വക്താവ് ജോസഫ് ബോറല്. കരാറിന്റെ കാതല് മനുഷ്യാവകാശങ്ങള് ആണെന്നും ക്യൂബയ്ക്കെതിരെ ഉപരോധങ്ങള് ശക്തമാക്കിയ ഡോണള്ഡ് ട്രംപ് ഭരണകൂടത്തിന്റെ നിലപാടുകളെ അപലപിക്കുന്നതായും യൂറോപ്യന് പാര്ലമെന്റിന്റെ പ്ലീനറി സെഷനില് ബോറല് പറഞ്ഞു.
60 വര്ഷമായി ക്യൂബയ്ക്കുമേല് ഏര്പ്പെടുത്തിയിരിക്കുന്ന ഉപരോധം കടുപ്പിക്കാൻ 240ഓളം നടപടികള് മുൻ ട്രംപ് ഭരണകൂടം കൈക്കൊണ്ടിരുന്നു. ഇപ്പോള് ക്യൂബ കടന്നുപോകുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കോവിഡ് –-19 മഹാമാരിക്കു പുറമെ യുഎസിന്റെ ഈ നീക്കങ്ങളും കാരണമാണെന്നും ബോറൽ ചൂണ്ടിക്കാണിച്ചു. ഇയുവുമായുള്ള സഹകരണം ക്യൂബയുടെ സാമ്പത്തിക, സാമൂഹ്യ ഉന്നമനത്തിന് വഴിയൊരുക്കുമെന്നും ബോറല് പാര്ലമെന്റില് പറഞ്ഞു.