ടൊറന്റോ
സായാഹ്ന നടത്തത്തിനിറങ്ങിയ മുസ്ലിം കുടുംബത്തെ ആക്രമിച്ച് നാലുപേരെ കൊന്ന സംഭവത്തെ ശക്തമായി അപലപിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. മുസ്ലിങ്ങൾക്കെതിരായ വെറുപ്പിൽനിന്ന് ഉളവായ ഭീകരാക്രമണമാണ് ഇതെന്നും അദ്ദേഹം പാർലമെന്റിൽ പറഞ്ഞു.
പാകിസ്ഥാനിൽനിന്ന് കുടിയേറിയ കുടുംബമാണ് ഒൺടാരിയോയിൽ ആക്രമിക്കപ്പെട്ടത്. രണ്ട് കുട്ടികളും മാതാപിതാക്കളും മുത്തശ്ശിയുമാണ് ആക്രമിക്കപ്പെട്ടത്. പരിക്കേറ്റ ഒമ്പതുവയസ്സുകാരൻ ആശുപത്രിയിലാണ്.
ഇവർക്കുനേരെ വാഹനം ഓടിച്ചു കയറ്റിയ നതാനിയേൽ വെൽറ്റ്മാനെ (20) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഏതെങ്കിലും സംഘടനയുടെ ഭാഗമാണോ എന്നത് അന്വേഷിച്ചു വരുന്നു. രാജ്യത്തെ മുസ്ലിം ജനതയെ സംഭവം ആശങ്കയിലാഴ്ത്തി. മരിച്ചവരുടെ കുടുംബം പതിവായി പോയിരുന്ന ആരാധനാലയത്തിൽ ചൊവ്വാഴ്ച രാത്രി പ്രത്യേക പ്രാർഥന സംഘടിപ്പിച്ചിരുന്നു. ട്രൂഡോയും മറ്റ് പാർടികളുടെ നേതാക്കളും പങ്കെടുത്തു. പാശ്ചാത്യ രാജ്യങ്ങളിൽ വളർന്നുവരുന്ന ഇസ്ലാം വിരുദ്ധതയ്ക്ക് തെളിവാണ് ആക്രമണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു.