വാഷിങ്ടണ്
ചൈനയെ പ്രതിരോധിക്കാന് ബന്ധം ശക്തിപ്പെടുത്താനൊരുങ്ങി അമേരിക്കയും സഖ്യകക്ഷികളും. ചൈനയെ നേരിടാന് കൂടുതല് പ്രബലമാകേണ്ടതുണ്ടെന്നും ഇതിനായി സഖ്യകക്ഷി ബന്ധങ്ങള് ശക്തിപ്പെടുത്തണമെന്നും അടുത്തവർഷത്തെ ബജറ്റ് സംബന്ധിച്ച് സെനറ്റില് നടന്ന ഹിയറിങ്ങില് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ടോണി ബ്ലിങ്കന് പറഞ്ഞു.
അമേരിക്കൻ ചേരി സംരക്ഷിക്കാൻ ശ്രമിക്കുന്ന ‘ചട്ടങ്ങളിൽ അധിഷ്ഠിതമായ ക്രമത്തെ’ സൈനികമായും സാമ്പത്തികമായും നയതന്ത്രപരമായും രാഷ്ട്രീയമായും വെല്ലുവിളിക്കാൻ ശേഷിയുള്ള ഏക രാജ്യം ചൈനയാണെന്ന് ബ്ലിങ്കന് പറഞ്ഞു.
ചൈനയുടെ ആധിപത്യത്തിനെതിരെ കൂടുതല് ശക്തമായ ഇടപെടലുകള് നടത്താന് സാങ്കേതികവിദ്യ, തൊഴില്, ഗവേഷണം, വികസനം തുടങ്ങിയ മേഖലകളില് നിക്ഷേപവും ഏകോപനവും സാധ്യമാക്കണം. ആണവപരീക്ഷണങ്ങളില് ചൈന കൂടുതല് നിക്ഷേപം നടത്തുന്നുണ്ടെന്നും ആയുധശക്തി വര്ധിപ്പിക്കുന്നതായും ബ്ലിങ്കൻ പറഞ്ഞു. ചൈനയെക്കാള് വലിയ സാമ്പത്തിക ശക്തിയായ യുഎസും ഇക്കാര്യത്തില് ശ്രദ്ധ ചെലുത്തണം. ആഗോളതലത്തില് ജിഡിപിയുടെ 20 മുതല് 25 ശതമാനം വരെ ഉള്ള രാജ്യമാണ് യുഎസ്. സഖ്യകക്ഷികളും കൂടി ചേരുമ്പോള് ഇത് 50 മുതല് 60 ശതമാനം വരെയുണ്ട്. ചൈനയ്ക്ക് ഇതിനൊപ്പം എത്താനാവില്ലെന്നും ബ്ലിങ്കന് അവകാശപ്പെട്ടു.
ഏഷ്യ പസഫിക് മേഖലയിലെ തര്ക്കപ്രദേശങ്ങള് സംബന്ധിച്ച അവകാശ വാദത്തില് ചൈന ഉറച്ചു നില്ക്കുന്ന സാഹചര്യത്തില് ചൈനയ്ക്കെതിരായി സഹകരണവും സുരക്ഷയും ശക്തമാക്കാന് തീരുമാനിച്ചതായി ജപ്പാനിലെയും ഓസ്ട്രേലിയയിലെയും പ്രതിരോധ, വിദേശകാര്യമന്ത്രിമാര് പറഞ്ഞു. തങ്ങള്ക്കെതിരായ ചൈനയുടെ വ്യാപാര നയങ്ങളില് നടപടി ആവശ്യപ്പെട്ട് ലോക വ്യാപാര സംഘടനയെ സമീപിക്കുമെന്ന് ഓസ്ട്രേലിയന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു.
ചൈനാവിരുദ്ധ ബിൽ
പാസാക്കി സെനറ്റ്
സാമ്പത്തിക രംഗത്തെ ചൈനീസ് സാമർഥ്യം മറികടക്കാൻ പുതിയ ബിൽ പാസാക്കി അമേരിക്കൻ സെനറ്റ്. 32ന് എതിരെ 68 വോട്ടിനാണ് ‘യു എസ് ഇന്നവേഷൻ ആൻഡ് കോംപറ്റീഷൻ ആക്ട്’ പാസാക്കിയത്.
ഇത് പ്രകാരം ശാസ്ത്ര സാങ്കേതിക രംഗത്തെ അമേരിക്കൻ ആധിപത്യം ഉറപ്പാക്കാൻ നികുതിപ്പണത്തിൽനിന്ന് 10,000 കോടി ഡോളർ(ഏകദേശം 7.29 ലക്ഷം കോടി രൂപ) നിക്ഷേപം നടത്തും. അവശ്യസാധന വിതരണ ശൃംഖലയുടെ സുരക്ഷയും ശക്തമാക്കും. ദേശീയ ശാസ്ത്ര ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്കും കൂടുതൽ തുക വകയിരുത്തും. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ അമേരിക്കയുടെ ആധിപത്യം ഉറപ്പിക്കുന്ന വഴിത്തിരിവാണ് നിയമമെന്ന് സെനറ്റ് ഭൂരിപക്ഷ നേതാവ് ചക്ക് ഷൂമർ പറഞ്ഞു.
തങ്ങളുടെ വികസനം തകർക്കുകയാണ് ബില്ലിന്റെ യഥാർഥ ലക്ഷ്യമെന്ന് ചൈന പ്രതികരിച്ചു. തങ്ങളുടെ ആഭ്യന്തര രാഷ്ട്രീയത്തിനുനേർക്ക് നേരിട്ടുള്ള ആക്രമണമാണിത്. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും വികസന താൽപ്പര്യങ്ങളും തകർക്കാനുള്ള ഏത് ശ്രമത്തെയും ചെറുക്കുമെന്നും ചൈനീസ് നാഷണൽ പീപ്പിൾസ് കോൺഗ്രസിന്റെ വിദേശകാര്യ സമിതി പറഞ്ഞു.