ഇന്ത്യയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുമ്പ് ന്യൂസിലാന്റിന് ഇംഗ്ലണ്ടിനെതിരായ രണ്ട് ടെസ്റ്റുകൾ കൂടിയുള്ളത് ടീമിന് ജോലിഭാരം കൈകാര്യം ചെയ്യുന്നതിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാമെന്ന് ന്യൂസീലൻഡിന്റെ മുൻ മുഖ്യ പരിശീലകൻ മൈക്ക് ഹെസ്സെൻ.
പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഹെസ്സൻ ഇക്കാര്യം പറഞ്ഞത്. ഇന്ത്യൻ ടീമിനായുള്ള ചില നിർദേശങ്ങളും ഹെസ്സെൻ മുന്നോട്ട് വച്ചു. രോഹിത് ശർമയും ശുഭ്മാൻ ഗില്ലുമുള്ള ഓപ്പണിങ് പാർട്നർഷിപ്പിന് പകരം ഓപ്പണിങ്ങിലേക്ക് മായങ്ക് അഗർവാളിനെ ഉൾപ്പെടുത്തണമെന്നാണ് അദ്ദേഹം നിർദേശിച്ചത്.
ജൂൺ 18 നാണ് ഇന്ത്യ-ന്യൂസീലൻഡ് ഡബ്ല്യുടിസി ഫൈനൽ ആരംഭിക്കുന്നത്. കോവിഡ് -19 അനുബന്ധ നിയന്ത്രണങ്ങൾ കാരണം മത്സരത്തിനായി വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്താൻ ടീം ഇന്ത്യക്ക് സമയം ലഭിച്ചില്ല. എന്നാൽ ഡബ്ല്യുടിസി കിരീട പോരാട്ടത്തിന് മുമ്പ് ഇംഗ്ലണ്ടിനെതിരെ രണ്ട് മത്സരങ്ങൾ കളിക്കാൻ ന്യൂസിലാന്റിന് കഴിയും.
എന്നാൽ ഫൈനലിന് മുൻപ് രണ്ട് മത്സരങ്ങൾ കളിക്കാൻ കഴിയുന്നത് കിവീസിന് നേട്ടമുണ്ടാക്കും എന്ന വിലയിരുത്തലിനോട് ഹെസ്സെൻ വിയോജിപ്പ് പ്രകടിപ്പിച്ചു.
“അതിനിടയിൽ നാല് ദിവസത്തെ ഇടവേളയോടെ മൂന്ന് ടെസ്റ്റുകൾ കളിക്കുന്നു എന്നത് പ്രശ്നമാണ്. ന്യൂസിലാന്റിന് ബൗളിംഗ് ആക്രമണം നോക്കേണ്ടിവരും, അതിനാലാണ് ട്രെന്റ് ബോൾട്ട് ഇംഗ്ലണ്ടിനെതിരായ രണ്ടാമത്തെ ടെസ്റ്റ് കളിക്കുന്നത് പ്രധാനമാവുന്നത്, ”അദ്ദേഹം ചൂണ്ടിക്കാട്ടി.
“വിശ്രമിക്കാൻ കുറച്ച് സമയം മാത്രമാണ് ലഭിക്കുക. പ്രത്യേകിച്ചും നിങ്ങൾ രണ്ടാം ടെസ്റ്റിൽ 45 മുതൽ 50 ഓവറുകൾ വരെ എറിയുകയാണെങ്കിൽ. അല്ലെങ്കിൽ ജോലിഭാരം നിയന്ത്രിക്കാൻ അവർ തീരുമാനിക്കുകയാണെങ്കിൽ അത് ഒരു ടെസ്റ്റ് മത്സരത്തിലേക്ക് നിങ്ങൾ സാധാരണയായി ചെയ്യുന്ന ഒരു കാര്യമല്ല,” 2012-2018 മുതൽ ന്യൂസിലാന്റിനെ പരിശീലിപ്പിച്ച ഹെസ്സെൻ പറഞ്ഞു.
ന്യൂസീലൻഡ് ടീമിനെ ഏറ്റവും കൂടുതൽ കാലം പരിശീലിപ്പിച്ച പരിശീലകനായ ഹെസ്സോൺ ഇപ്പോൾ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിൽ ക്രിക്കറ്റ് ഡയറക്ടറാണ്.
ന്യൂസിലാന്റിനെതിരെ രോഹിത്തും ഗില്ലും ഓപ്പണിങ്ങിനിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. എന്നാൽ ഓസ്‌ട്രേലിയയിൽ നടന്ന രണ്ട് ടെസ്റ്റുകൾക്ക് ശേഷം പ്ലേയിങ് ഇലവനിൽ സ്ഥാനം നഷ്ടപ്പെട്ട മായങ്ക് അഗർവാളിന് അവസരം നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
കഴിഞ്ഞ വർഷം ഇന്ത്യ 0-2 ന് തോറ്റ ന്യൂസിലൻഡിനെതിരായ എവേ പരമ്പരയിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയത് മായങ്ക് അഗർവാൾ ആയികരുന്നു. അന്ന് അർദ്ധസെഞ്ച്വറി നേടിയ നാല് ഇന്ത്യൻ ബാറ്റ്സ്മാൻമാരിൽ ഒരാൾ കൂടിയാണ് അഗർവാൾ.
“അവർ മിക്കവാറും രോഹിത്, ശുഭ്മാൻ എന്നിവരെ തിരഞ്ഞെടുക്കും. പക്ഷേ മായങ്കിനെ പരിഗണിക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു. ന്യൂസിലാന്റിലെ ന്യൂസിലാന്റ് ആക്രമണത്തെ അദ്ദേഹം നേരിട്ടിട്ടുണ്ട്. അവിടെ അദ്ദേഹത്തിന് നിർണായക അനുഭവം ലഭിക്കുമായിരുന്നു,” ഹെസ്സെൻ പറഞ്ഞു.
ഇന്ത്യയെ സംബന്ധിച്ച് നിലവിൽ മാച്ച് പ്രാക്ടീസ് എല്ലായ്പ്പോഴും ഉപയോഗപ്രദമാണെന്ന കാര്യം പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
“സതാംപ്ടൺ അതിന്റെ മൈതാനത്തിന്റെ കാര്യം തികച്ചും സവിശേഷമാണ്, അതിനാൽ മാച്ച് പ്രാക്ടീസ് സഹായകരമാണെന്ന് ഉറപ്പാണ്,” അദ്ദേഹം പറഞ്ഞു.
The post ഇംഗ്ലണ്ടിനെതിരായ രണ്ട് മത്സരങ്ങൾ ഇന്ത്യയെ നേരിടുമ്പോൾ കിവീസിന് ഗുണകരമാവില്ല: മുൻ പരിശീലകൻ appeared first on Indian Express Malayalam.