കൊടകര കള്ളപ്പണ കവർച്ചാ കേസിലും മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കോഴ കേസിലും കെ സുരേന്ദ്രനെ കുടുക്കാൻ ശ്രമിക്കുകയാണെന്നാണ് ബിജെപി നേതാക്കളുടെ ആരോപണം. ബിജെപി നേതാക്കളായ ഒ രാജഗോപാൽ, കുമ്മനം രാജശേഖരൻ, അടക്കമുള്ളവരാണ് ഗവർണറെ കണ്ടത്.
ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ ഗവർണറെ അറിയിച്ചു. നേതാക്കളെ കള്ള കേസ് ചമച്ച് ജയിലിലാക്കാൻ ശ്രമിക്കുകയാണ്. കൊടകര കേസിൽ സർക്കാർ കള്ള കേസ് ചമയ്ക്കുകയാണ്. ഒരു വനിതാ ഐപിഎസ് ഉദ്യോഗസ്ഥ പ്രതികളെ അറസ്റ്റ് ചെയ്തതാണ്. നേതാക്കളെ കുരുക്കാനാണ് പുതിയ ടീം രൂപീകരിച്ചത്. അന്വേഷണ ഉദ്യോഗസ്ഥർ സിപിഎം അനുകൂലികളാണെന്നും ബിജെപി ആരോപിക്കുന്നു. ബിജെപിയെ നശിപ്പിക്കാൻ സർക്കാർ ഹീനമായ പ്രവർത്തികളാണ് ചെയ്യുന്നതെന്നാണ് കുമ്മനത്തിന്റെ ആരോപണം.
ധർമ്മരാജൻ പണത്തിന്റെ രേഖകൾ കോടതിയിൽ സമർപ്പിച്ചിരുന്നു. സുന്ദര സ്വന്തം ഇഷ്ടപ്രകാരമാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. റിട്ടേണിങ് ഓഫീസർക്കു മുന്നിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ഇപ്പോൾ കള്ള പരാതി ചമയ്ക്കുകയാണെന്നും ബിജെപി ആരോപിച്ചു. കോഴ വാങ്ങിയ സുന്ദരയ്ക്കെതിരെ എന്തുകൊണ്ട് കേസ് രജിസ്റ്റർ ചെയ്യുന്നില്ലെന്നും ഡിജിപിയെ കണ്ട് പരാതി നൽകുമെന്നും ബിജെപി നേതാക്കൾ വ്യക്തമാക്കി.