തിരുവനന്തപുരം: മുട്ടിൽ മരം മുറി കൊള്ളയുമായി ബന്ധപ്പെട്ട ആരോപണത്തോട് സഭയിൽ ശക്തമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാംഗോ മൊബൈൽ ഉദ്ഘാടനം ചെയ്യാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചെന്നും ഉദ്ഘാടനത്തിന് തൊട്ടുമുൻപ് മാംഗോ മൊബൈൽ ഉടമ അറസ്റ്റിലായെന്നുമുള്ള പിടി തോമസ് എംഎൽഎയുടെ ആരോപണത്തിനെതിരെയാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്.
മാംഗോ ഫോൺ മൊബൈൽ ഫോൺ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുംമുമ്പ് അതിന്റെ പിന്നിലുള്ള പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു എന്ന് പി.ടി. തോമസ് കഴിഞ്ഞ ദിവസം പരാമർശം സഭയിൽ നടത്തി. എന്റെ മേൽവന്നു തറയ്ക്കുന്നതായി ആരെങ്കിലും കരുതുന്നെങ്കിൽ കരുതിക്കോട്ടെ എന്നതാവും ഈ ആരോപണമുന്നയിച്ചതിനു പിന്നിലെ ദുഷ്ടലാക്ക്. മുഖ്യമന്ത്രി ആരാണ് എന്നു പറയാതെയാണ് പി.ടി. തോമസ് ഇതു പറഞ്ഞതെങ്കിലും അറസ്റ്റിലാവേണ്ട തരം പ്രതികളുടെ പരിപാടി ഉദ്ഘാടനം ചെയ്യാൻ താൻ പോയി എന്ന പ്രതീതായാണുണ്ടായത്. ഇത് സത്യമല്ല. 2016 ഫെബ്രുവരി 29 നാണ് മാംഗോ ഫോൺ കമ്പനി ഉടമകൾ അറസ്റ്റിലായത്. ഞാൻ അന്നു മുഖ്യമന്ത്രിയേ അല്ല. അന്നു മുഖ്യമന്ത്രി ആരായിരുന്നുവെന്നു ഞാൻ പറയേണ്ട കാര്യമില്ല. അത് എന്നെക്കൊണ്ടു പറയിക്കുന്നതിൽ പി.ടി. തോമസിനു പ്രത്യേകമായ സന്തോഷമെന്തെങ്കിലും ഉണ്ടോ എന്ന് എനിക്കു നിശ്ചയമില്ല.- മുഖ്യമന്ത്രി സഭയിൽ വിശദീകരിച്ചു.
തട്ടിപ്പുകാരുടെ സ്വാധീനത്തിൽ നിൽക്കുന്നത് ഞാനല്ല. ഇന്നത്തെ മുഖ്യമന്ത്രിയല്ല. അവരുടെ പരിപാടി ഉദ്ഘാടനം ചെയ്യാൻ ഏറ്റത് ഞാനല്ല. ഈ മുഖ്യമന്ത്രിയല്ല. ഏതു മുഖ്യമന്ത്രിയുടെ മേലായിരുന്നു സ്വാധീനമെന്ന് അന്നത്തെ തീയതിയും കലണ്ടറും വെച്ച് പി.ടി. തോമസ് കണ്ടുപിടിക്കട്ടെ സഭയെ തെറ്റിദ്ധരിപ്പിച്ചതിന് പിടി തോമസ് മാപ്പ് പറയുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ബജറ്റിന്മേലുള്ള പൊതുചർച്ചയ്ക്കിടെയായിരുന്നു മുഖ്യമന്ത്രി ആരോപണങ്ങളോട് പ്രതികരിച്ചത്.വനം കൊള്ളയുമായി ബന്ധപ്പെട്ട് ആദ്യമായാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് പ്രതികരണമമുണ്ടായിരിക്കുന്നത്.