കൊച്ചി> മുട്ടില് വനംകൊള്ള കേസില് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. കേസന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി നിരസിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്
കേസിലെ പ്രതികളിലൊരാളായ ആന്റോ അഗസ്റ്റിന് സമര്പ്പിച്ച ഹര്ജി ഹൈക്കോടതി കൂടുതല് വാദത്തിന് മാറ്റി.
അന്വേഷണം പ്രാഥമിക ഘട്ടത്തിലാണന്നും സര്ക്കാര് ഉത്തരവ് ദുര്വ്യാഖ്യാനം ചെയ്താണ് വന്തോതില്
മരം മുറിച്ചതെന്നും പ്രോസിക്യൂഷന് ഡയറക്ടര് ജനറല് ടി.എ.ഷാജി കോടതിയെ അറിയിച്ചു.
ഉന്നത ബന്ധമുള്ള കേസാണെന്നും പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും റവന്യു ഉദ്യോഗസ്ഥര് സസ്പെന്ഷനിലാണന്നും സര്ക്കാര് അറിയിച്ചു.
മറ്റ് 37 കേസുകള് കൂടി രജിസ്റ്റര് ചെയ്തതായും സര്ക്കാര് വിശദീകരിച്ചു.പൊലിസ് അന്വേഷണം തടയണമെന്ന ഹര്ജി ജസ്റ്റീസ് നാരായണ പിഷാരടിയാണ് പരിഗണിച്ചത് .
പട്ടയ ഭൂമിയില് നിന്ന് ചന്ദനം ഒഴികെയുള്ള മരങ്ങള് മുറിക്കാമെന്ന റവന്യൂ വകുപ്പിന്റെ ഉത്തരവിന്റെ മറവില് വന്തോതില് ഈട്ടിത്തടി മുറിച്ചുകടത്തിയെന്നാണ് കേസ്. വയനാട്ടിലെ സൗത്ത് മുട്ടിലില് നിന്ന് 101 മരങ്ങള് മുറിച്ചുകടത്തിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്.