തൃശ്ശൂർ: ഇടത്പക്ഷത്തിന്റെ ബി ടീം ആയി പ്രവർത്തിക്കുന്ന കോൺഗ്രസിന്റെ തലപ്പത്ത് ആര് വന്നിട്ട് എന്ത് കാര്യമെന്ന് ബി.ജെ.പി. വക്താവ് ബി.ഗോപാലകൃഷ്ണൻ. സുധാകരനല്ല സാക്ഷാൽ ദേവേന്ദ്രൻ വന്നാലും ചത്ത കുതിരയിൽ സവാരി ചെയ്യാൻ കഴിയില്ല. അടിത്തട്ടിൽ അഴിച്ചു പണിയും എന്നാണ് സുധാകരൻ പറയുന്നത് അടിത്തട്ടിൽ പണി ഉണ്ടെങ്കിലല്ലെ അഴിക്കാൻ പറ്റു. കലാൾ പടയില്ലാതെ, ചത്ത കുതിരയുടെ കടിഞ്ഞാൺ സുധാകരന്റെ കയ്യിൽ കിട്ടിയിട്ട് എന്ത് കാര്യമെന്നും ഗോപാലകൃഷ്ണൻ ചോദിച്ചു.
ഇടതുപക്ഷത്തിന്റെ ദേശീയ തലത്തിലുള്ള നയത്തെ എതിർക്കാൻ സുധാകരന് കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. മുഖ്യശത്രു ബി.ജെ.പിയാണന്ന് വി.ഡി.സതീശനും മുരളീധരനും പറയുന്നതിന്റെ പിന്നിൽ മതഭീകര ജിഹാദികളുമായി സഖ്യത്തിന് തയ്യാറാണന്ന ഹിഡൻ അജണ്ടയാണ്. ജിഹാദി രാഷ്ട്രീയത്തിന്റെ തുപ്പൽ കോളാമ്പിയായി മാറാനുള്ള വ്യഗ്രതയാണ് കോൺഗ്രസ്സ് കാണിക്കുന്നത്. ഈ കാര്യത്തിൽ സുധാകരൻ നിലപാട് വ്യക്തമാക്കണം. ജിഹാദി രാഷ്ട്രീയത്തിനെ ഭയപ്പെടുന്ന ക്രൈസ്തസഭ അടക്കമുള കേരള ജനതക്ക് സുധാകരന്റെ അഭിപ്രായം അറിയാൻ ആഗ്രഹമുണ്ടെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.