കൊച്ചി: വാക്സിനേഷൻ കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനായി ഡിഫ്പാൽവാക്സിൻ പദ്ധതിക്കൊരുങ്ങി എറണാകുളം ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും. അംഗപരിമിതർ, കിടപ്പുരോഗികൾ തുടങ്ങി ആറ് വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന നൽകി കൊണ്ടുള്ളതാണ് പദ്ധതി. അതേസമയം ജില്ലയിൽ ഇതുവരെ 11,89359 പേർ വാക്സിൻ സ്വീകരിച്ചതായും ജില്ലാ വാക്സിനേഷൻ നോഡൽ ഓഫീസർ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
ഡിഫറന്റലി ഏബിൾഡ്-പാലിയേറ്റീവ് രോഗികളെ ലക്ഷ്യംവെച്ചുകൊണ്ടാണ് പ്രധാനമായും പദ്ധതി നടപ്പിലാക്കുന്നത്. അതുകൊണ്ടാണ് ഡിഫ്പാൽ എന്ന് പദ്ധതിക്ക് പേര് നൽകിയിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടുകൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കിടപ്പുരോഗികൾ, അംഗപരിമിതർ എന്നിവരെക്കൂടാതെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവർ, അതിഥി തൊഴിലാളികൾ, ആദിവാസികൾ, മുതിർന്നപൗരന്മാർ എന്നിവർക്കാണ് പദ്ധതിയുടെ ഭാഗമായി വാക്സിനേഷൻ നൽകുക.
ഇവരുടെ വിവരങ്ങൾ വാർഡ് തലത്തിൽ ശേഖരിക്കുകയും ആ വിവരങ്ങൾ കോവിഡ് വാക്സിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും വേണം. അത്തരത്തിൽ ഒരാഴ്ചകൊണ്ട് തന്നെ ഈ വിഭാഗത്തിൽപ്പെട്ട എല്ലാവർക്കും വാക്സിനേഷൻ നൽകുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നത്. പ്രാരംഭ ഘട്ടമെന്ന നിലയിൽ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിൽ പദ്ധതി നടപ്പിലാക്കിയിരുന്നു. അതേസമയം ജില്ലയിലെ മറ്റ് പഞ്ചായത്തുകളിൽ അടുത്ത ആഴ്ചയോടുകൂടി തന്നെ പദ്ധതിക്ക് തുടക്കംകുറിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
കിടപ്പിലായി അവശ നിലയിൽ കഴിയുന്ന രോഗികൾക്ക് അവരുടെ വീടിന് സമീപത്തുള്ള വാക്സിനേഷൻ സെന്ററിൽ വെച്ച് തന്നെ വാക്സിൻ നടപടികൾ പൂർത്തിയാക്കും. അതിന് കഴിയാത്ത രോഗികൾക്ക് വീടുകളിലെത്തി വാക്സിനേഷൻ നൽകും. കൂടാതെ പ്രവാസികൾക്ക് വിദേശത്തേക്ക് പോകുന്നതിനുള്ള പാസ്പോർട്ട്, അനുബന്ധ രേഖകളുമായി വാക്സിനേഷൻ സെന്ററിലെത്തിയാൽ സ്പോട്ട് രജിസ്ട്രേഷൻ ചെയ്ത് വാക്സിൻ നൽകുന്നതിനുള്ള നടപടികളും പൂർത്തിയായി വരുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് ഏറ്റവും കൂടുതൽപേർക്ക് വാക്സിനേഷൻ നടത്തിയ രണ്ടാമത്തെ ജില്ലയാവുകയാണ് എറണാകുളം. ഇതുവരെ 9,42,049 പേർക്ക് ഒന്നാം ഡോസ്് വാക്സിനും 2,47,310 പേർക്ക് രണ്ടാംഡോസ് വാക്സിനേഷനും പൂർത്തിയാക്കിയിട്ടുണ്ട്.
Content Highlights:difpal vaccination drive in ernakulam district