പാരീസ്
കളിമൺ കോർട്ടിൽ സ്ലൊവേനിയൻ കുതിപ്പ്. ഇരുപത്തിമൂന്നുകാരി ടമര സിഡാൻസെക് ഫ്രഞ്ച് ഓപ്പൺ ടെന്നീസിന്റെ വനിതാ സിംഗിൾസ് സെമിഫൈനലിൽ കടന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ സ്ലൊവേനിയക്കാരി. ഇതിനുമുമ്പ് ഒരു ഗ്രാൻഡ് സ്ലാം ടൂർണമെന്റിലും രണ്ടാം റൗണ്ടിനപ്പുറം പോയിട്ടില്ല ഈ എൺപത്തിയഞ്ചാം റാങ്കുകാരി. ക്വാർട്ടർ ഫൈനലിൽ സ്പാനിഷ് താരം പൗള ബഡോസയെ 7-–-5, 4––6, 8-–-6ന് കീഴടക്കിയാണ് മുന്നേറ്റം. സെമിയിൽ റഷ്യയുടെ അനസ്താസിയ പാവ് ലിയു ചെങ്കോവയാണ് എതിരാളി. ക്വാർട്ടർ ഫൈനലിൽ കസാക്കിസ്ഥാന്റെ എലേന റിബാകിനയെ 6––7, 6––2, 9––7ന് തോൽപ്പിച്ചു.
ഇന്ന് നടക്കുന്ന മറ്റ് ക്വാർട്ടർ ഫൈനലുകളിൽ അമേരിക്കയുടെ കൊകൊ ഗഫ് ചെക്ക് താരം ബാർബറ ക്രെജിസിക്കോവയെയും നിലവിലെ ചാമ്പ്യൻ ഇഗ സ്വിയാടെക് ഗ്രീക്കുകാരി മരിയ സക്കാരിയെയും നേരിടും. പോളിഷ് താരം ഇഗ ക്വാർട്ടറിൽ ഉക്രെയ്നിന്റെ മാർത്താ കോസ്റ്റ് യുകിനെ 6-–-3, 6––4ന് കീഴടക്കി.
പുരുഷവിഭാഗത്തിൽ മുൻനിര താരങ്ങളായ നൊവാക് യൊകൊവിച്ചും റാഫേൽ നദാലും ഇന്ന് സെമി തേടി ഇറങ്ങും. ഒന്നാം റാങ്കുകാരനായ യൊ കൊവിച്ചിന് ഇറ്റലിയുടെ മറ്റിയോ ബെരെറ്റിനിയാണ് എതിരാളി. ചാമ്പ്യൻ നദാൽ അർജന്റീനയുടെ ദ്യേഗോ ഷ്വാർട്സ്മാനെ നേരിടും. ഗ്രീക്കുകാരൻ സ്റ്റെഫാനോസ് സിറ്റ്സിപാസ് റഷ്യയുടെ ഡാനിൽ മെദ്വദേവുമായി ഏറ്റുമുട്ടും.