തിരുവനന്തപുരം
കൊച്ചിയിൽ നടന്ന മാംഗോ മൊബൈൽഫോൺ (എം ഫോൺ) ലോഞ്ചിങ് ഉദ്ഘാടനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനിച്ചുവെന്ന് പി ടി തോമസ് നിയമസഭയിൽ ഉന്നയിച്ച ആരോപണം പച്ചക്കള്ളം. ഫോൺ ലോഞ്ചിങ് നടന്ന കാലത്ത് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയായിരുന്നു. അദ്ദേഹവും ലോഞ്ചിങ്ങിൽ പങ്കെടുത്തിട്ടില്ലെന്നാണ് വിവരം. വയനാട് മുട്ടിൽ വനം കടത്തുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയത്തിന് അനുമതി തേടിയുള്ള പ്രസംഗത്തിനിടെയാണ് പി ടി, പുതിയ വ്യാജ ആരോപണവുമായി രംഗത്ത് എത്തിയത്.
കൊച്ചിയിൽ നടന്ന മാംഗോ മൊബൈൽ ഫോൺ വെബ്സൈറ്റ് ഉദ്ഘാടനത്തിന് നിശ്ചയിച്ചത് മുഖ്യമന്ത്രിയെ ആയിരുന്നുവെന്നാണ് തട്ടിവിട്ടത്. ചടങ്ങിന് തൊട്ടുമുമ്പ് ഉടമകൾ അറസ്റ്റിലായതോടെ ഉദ്ഘാടനം ചെയ്യേണ്ടി വന്നില്ലെന്നും പറഞ്ഞു. 2016 ഫെബ്രുവരി 29നാണ് എംഫോൺ ലോഞ്ചിങ് ലേ മെറിഡിയൻ ഹോട്ടലിൽ നടത്താൻ നിശ്ചയിച്ചത്. ചടങ്ങ് നടക്കുംമുമ്പ് ഉടമകളായ വയനാട് സ്വദേശികളായ ആന്റോ അഗസ്റ്റിൻ, ജോസുട്ടി അഗസ്റ്റിൻ എന്നിവർ സാമ്പത്തികത്തട്ടിപ്പ് കേസിൽ അറസ്റ്റിലായി. അക്കാലത്ത് ഉമ്മൻചാണ്ടിയാണ് കേരളത്തിന്റെ മുഖ്യമന്ത്രി. 2016 മെയ് 25നാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആദ്യ എൽഡിഎഫ് സർക്കാർ ചുമതലയേറ്റത്.
വനംകൊള്ളയിൽ ശക്തമായ അന്വേഷണമാണ് നടക്കുന്നത്. എന്നാൽ, മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴച്ച് അദ്ദേഹത്തെ കളങ്കപ്പെടുത്താനാകുമോ എന്ന തന്ത്രമാണ് പി ടി തോമസ് പയറ്റിയത്. അതിനായി പതിവുപോലെ ഒരു കഥ മെനഞ്ഞു. അതാകട്ടെ എട്ടുനിലയിൽ പൊട്ടി.