മാഡ്രിഡ്
യൂറോ കപ്പിനൊരുങ്ങുന്ന സ്പാനിഷ് ടീമിന് തിരിച്ചടി. ക്യാപ്റ്റൻ സെർജിയോ ബുസ്ക്വെറ്റ്സിന് കോവിഡ് സ്ഥിരീകരിച്ചതോടെ ടീമിൽ ആറ് പുതിയ കളിക്കാരെ താൽക്കാലികമായി ഉൾപ്പെടുത്തേണ്ടിവന്നു. ബുസ്ക്വെറ്റ്സ് നിരീക്ഷണത്തിലാണ്. മറ്റ് കളിക്കാരെല്ലാം നെഗറ്റീവായി. എന്നാൽ ബുസ്ക്വെറ്റ്സുമായി ബന്ധപ്പെട്ട ചില കളിക്കാരും നിരീക്ഷണത്തിലാണ്. ബുസ്ക്വെറ്റ്സിന് യൂറോയിലെ ആദ്യ രണ്ട് മത്സരങ്ങൾ നഷ്ടമായേക്കും.
ഗ്രൂപ്പ് ഇയിൽ 14ന് സ്വീഡനുമായാണ് സ്പെയ്നിന്റെ ആദ്യ മത്സരം. പോളണ്ടും സ്ലൊവാക്യയുമാണ് മറ്റ് ടീമുകൾ. ലീഡ്സ് യുണൈറ്റഡ് താരം റോഡ്രിഗോ മൊറേനോ, വെസ്റ്റ്ഹാമിന്റെ പാബ്ലോ ഫൊർണാലസ്, വലെൻസിയയുടെ കാർലോസ് സോളെർ, സെൽറ്റ താരം ബ്രയ്സ് മെൻഡെസ്, വിയ്യാറയലിന്റെ റൗൾ ആൽബിയോൾ, ചെൽസി ഗോൾ കീപ്പർ കെപ അരിസബലാഗ എന്നിവരെയാണ് പരിശീലകൻ ലൂയിസ് എൻറിക്വെ ടീമിലേക്ക് അധികമായി ഉൾപ്പെടുത്തിയത്. സന്നാഹ മത്സരങ്ങളിൽ സ്പെയ്നിന്റെ അണ്ടർ 21 ടീമാകും ഇറങ്ങുക.