തിരുവനന്തപുരം
പെട്രോൾ, ഡീസൽ വിലവർധനയിൽ വലിയ ഉൽക്കണ്ഠ പ്രകടിപ്പിക്കുന്ന പ്രതിപക്ഷത്തിന് കേന്ദ്ര സർക്കാരിനെതിരെ ആക്ഷേപമൊന്നും ഉന്നയിക്കാനില്ല. കേന്ദ്ര തീരുവകൾ അടിക്കടി ഉയർത്തുന്നതിൽ ഒരു കുറ്റവും കാണാനില്ല. സംസ്ഥാന നികുതി കുറയ്ക്കണമെന്നാണ് ആവശ്യം. ഈ ഇരട്ടത്താപ്പാണ് ബജറ്റ് പൊതുചർച്ചയുടെ രണ്ടാംദിനം നിയമസഭയിൽ പ്രകടമായത്.
പ്രതിപക്ഷത്തുനിന്ന് പങ്കെടുത്ത ഏഴിൽ മൂന്നുപേർ ഉന്നയിച്ച പ്രധാന ആക്ഷേപം സംസ്ഥാനം നികുതി ഉപേക്ഷിക്കുന്നില്ല എന്നതാണ്. ഒരാളും വിലവർധനയ്ക്ക് കാരണമായ കേന്ദ്ര നയത്തിനെതിരെ മിണ്ടിയില്ല. റോജി എം ജോൺ, അനൂപ് ജേക്കബ്, അൻവർ സാദത്ത് എന്നിവരായിരുന്നു വിമർശകർ. ചൊവ്വാഴ്ച ചർച്ച ഉപസംഹരിച്ച വി കെ പ്രശാന്ത് ഇതിന്റെ കള്ളത്തരം തുറന്നുകാട്ടി.
രാജ്യത്ത് 144 ജില്ലയിൽ പെട്രോൾവില ലിറ്ററിന് 100 രൂപ കടന്നിട്ടും ചെറുവിരലനക്കാൻ മുഖ്യപ്രതിപക്ഷമായ കോൺഗ്രസിന് കഴിയുന്നില്ലെന്ന് പ്രശാന്ത് കുറ്റപ്പെടുത്തി. യുദ്ധം ജയിക്കാനായി പാർലമെന്റിലേക്ക് പോയവരെയും കാണാനില്ല. കൊല്ലത്ത് കടലിൽ ചാടാനെത്തിയ രാഹുൽ ഗാന്ധിയെ ഇന്ധനവില വിഷയത്തിൽ ഡൽഹിക്കു സമീപത്തെ കടലിൽ ചാടി പ്രതിഷേധിക്കാൻ ഉപദേശിക്കണമെന്നും പ്രശാന്ത് തുറന്നടിച്ചു.
മൂന്നു പതിറ്റാണ്ട് ഒറ്റയ്ക്ക് കേന്ദ്രം ഭരിച്ച കോൺഗ്രസ് പെട്രോൾ വില നിയന്ത്രണം ഒഴിവാക്കി. ബിജെപി ഡീസൽവില നിയന്ത്രണം നീക്കി. എന്നിട്ട് രണ്ടുപേരും യോജിച്ച് കേരള സർക്കാരിനെ കുറ്റപ്പെടുത്താൻ നോക്കുകയാണെന്ന് എം എസ് അരുൺകുമാർ പറഞ്ഞു. കോൺഗ്രസ് വിതച്ച ഇന്ധന നയത്തിന്റെ വിളവെടുക്കുകയാണ് ബിജെപി സർക്കാരെന്ന് മുഹമ്മദ് മുഹസിൻ ചൂണ്ടിക്കാട്ടി.
പട്ടിക വിഭാഗങ്ങൾക്കുപോലും ശാന്തിനിയമനത്തിലടക്കം അവസരം ഉറപ്പാക്കിയതിന്റെ സമ്മാനമാണ് എൽഡിഎഫിന്റെ തുടർഭരണമെന്ന് കെ ശാന്തകുമാരി പറഞ്ഞു. പ്രതിപക്ഷത്തെ ഇപ്പോഴും അസ്വസ്ഥമാക്കുന്നതാണ് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ ക്ഷേമ, വികസന പ്രവർത്തനങ്ങളെന്ന് എച്ച് സലാം ചൂണ്ടിക്കാട്ടി. എൽഡിഎഫിന്റെ തുടർഭരണ അംഗീകാരം മാധ്യമ തമ്പുരാക്കൻമാർക്കും കനത്ത പ്രഹരമായെന്ന് ലിന്റോ ജോസഫ് പറഞ്ഞു. മാധ്യമങ്ങൾ തോൽപ്പിച്ചവരെല്ലാം സഭയിലെത്തി. വൻ ഭൂരിപക്ഷത്തിൽ ജയിപ്പിച്ചവരെല്ലാം സഭയ്ക്കു പുറത്തുമായി.
രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലമരുമ്പോഴും, കേരള ജനതയ്ക്ക് ഉണർവിന്റെ പുതുനാമ്പുകൾ നൽകുന്ന ബജറ്റാണ് സർക്കാർ അവതരിപ്പിച്ചതെന്ന് പി വി ശ്രീനിജൻ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ആക്രമണോത്സുകതയെ പൊരുതിത്തോൽപ്പിക്കാനുള്ള ആയുധമാണ് പുതുക്കിയ ബജറ്റെന്ന് പ്രമോദ് നാരായണൻ പറഞ്ഞു.
കോവിഡിന്റെ മൂന്നാംവരവിനെയും നേരിടാനുള്ള ആത്മവിശ്വാസം പകരുന്നതാണ് പുതുക്കിയ ബജറ്റെന്ന് മുരളി പെരുനെല്ലി പറഞ്ഞു. വാഹന നയത്തിലെ മാറ്റം ഗുണകരമാകുമെന്ന് കെ ബി ഗണേഷ് കുമാർ പറഞ്ഞു.