തിരുവനന്തപുരം
സംസ്ഥാനത്ത് സിയാൽ മോഡലിൽ കേരള റബർ ലിമിറ്റഡ് കമ്പനി ആരംഭിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുന്നതായി വ്യവസായ മന്ത്രി പി രാജീവിനുവേണ്ടി നിയമസഭയെ അറിയിച്ചു. പദ്ധതി നിർവഹണത്തിന്റെ കൺസൾട്ടിങ് ഏജൻസിയായ കിറ്റ്കോ വിശദ പദ്ധതി രേഖ സമർപ്പിച്ചിട്ടുണ്ട്. ഉയർന്ന വളർച്ചാനിരക്ക്, പ്രകൃതിദത്ത റബറിന്റെ ഉയർന്ന ഉപഭോഗം, കൂടുതൽ കയറ്റുമതി സാധ്യത, ഉയർന്ന പ്രവർത്തന മാർജിൻ തുടങ്ങിയവ കണക്കിലെടുത്ത് കമ്പനിയുടെ കീഴിൽ ഉൽപ്പാദനത്തിന് മൂന്ന് ഉൽപ്പന്നം ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഓഫ് ദി റോഡ് ടയറുകൾ, ഹീറ്റ് റസിസ്റ്റന്റ് ലാറ്റക്സ് ത്രെഡ്, മെഡിക്കൽ ഗ്ലൗസ് എന്നിവയാണവ. ഇതിൽ മെഡിക്കൽ ഗ്ലൗസ് ഒഴികെയുള്ളവ കേരള റബർ ലിമിറ്റഡ് കമ്പനി മുഖേന ഉൽപ്പാദിപ്പിക്കാനാണ് സർക്കാർ പദ്ധതി. മൂന്ന് ഘട്ടങ്ങളായി വികസിപ്പിക്കുന്ന പദ്ധതിക്ക് 1050 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
സംസ്ഥാന സർക്കാർ ഏറ്റെടുത്ത ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ കോട്ടയം വെള്ളൂരിലെ ഭൂമിയാണ് പദ്ധതിക്കായി പരിഗണിക്കുന്നതെന്ന് ഡോ.എൻ ജയരാജ്, ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, പ്രമോദ് നാരായണൻ എന്നിവരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി അറിയിച്ചു.