ന്യൂഡൽഹി
സൗജന്യവും സാർവത്രികവുമായ വാക്സിൻ വിതരണം ആത്മാർഥമായി നടപ്പാക്കാൻ മോഡി സർക്കാർ തയ്യാറാകണമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. യുക്തിഹീനമായ വാക്സിൻനയം ആയിരക്കണക്കിനു ജീവൻ നഷ്ടപ്പെടുത്തി. ഇവരുടെ കുടുംബങ്ങൾക്ക് കേന്ദ്രം നഷ്ടപരിഹാരം നൽകണം.
പഴയ ദേശീയ രോഗപ്രതിരോധനയം ഉപേക്ഷിക്കുംമുമ്പ് കേന്ദ്രം നടത്തിയ ആലോചനകളുടെ വിശദാംശം പുറത്തുവിടണം. സർക്കാരിന്റെ വീഴ്ചയ്ക്ക് വൻ വിലയാണ് രാജ്യം നൽകേണ്ടിവന്നത്. ഇതിന്റെ ഉത്തരവാദിത്തം മോഡി സർക്കാർ ഏറ്റെടുക്കണം. പരാജയങ്ങൾക്ക് ബിജെപിയിതര സംസ്ഥാന സർക്കാരുകളെ പഴിക്കുന്നത് അവസാനിപ്പിക്കണം.
സുപ്രീംകോടതിവിധിക്കുമുമ്പേ വാക്സിൻ നയം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷപാർടികളും കേരള മുഖ്യമന്ത്രിയും പ്രധാനമന്ത്രിക്ക് കത്തെഴുതി. വാക്സിൻ ലഭിക്കാൻ എല്ലാ ഇന്ത്യക്കാർക്കും അവകാശമുണ്ട്. ജനങ്ങളുടെ പണമാണ് സർക്കാർ കൈകാര്യം ചെയ്യുന്നത്; ആരുടെയും ഔദാര്യമല്ലെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു.