ബെർലിൻ
കിരീടമോഹികൾക്ക് മുന്നറിയിപ്പുമായി ജർമനിയുടെ ഗോൾവേട്ട. സന്നാഹമത്സരത്തിൽ ലാത്വിയയെ 7–-1ന് തകർത്താണ് ജർമനിയുടെ ഒരുക്കം. യൂറോ തുടങ്ങാനിരിക്കെ മുൻ ചാമ്പ്യൻമാർക്ക് വലിയ ആത്മവിശ്വാസം നൽകുന്ന ജയമാണിത്. യൂറോ തുടങ്ങാൻ രണ്ട് ദിവസംമാത്രം ശേഷിക്കെയാണ് ജർമനിയുടെ പ്രകടനം. രണ്ട് സന്നാഹ മത്സരങ്ങളിലും മിന്നിയ ഇറ്റലിയും ഗംഭീരമായി ഒരുങ്ങി.
രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം ടീമിലേക്ക് തിരിച്ചെത്തിയ തോമസ് മുള്ളർ ഗോളടിച്ചതാണ് മത്സരത്തിലെ സവിശേഷത. ഗോൾ കീപ്പർ മാനുവൽ നോയെ ജർമൻ കുപ്പായത്തിൽ 100 മത്സരവും പൂർത്തിയാക്കി. നേട്ടം കൈവരിക്കുന്ന ആദ്യ ജർമൻ ഗോൾകീപ്പറാണ് നോയെ. റോബിൻ ഗോസെൻസിന്റെ ഗോളിലായിരുന്നു ജർമനിയുടെ തുടക്കം. കയ് ഹവേർട്സുമായുള്ള പന്ത് കൈമാറ്റത്തിനൊടുവിൽ ഗോസെൻസ് രാജ്യാന്തര ഫുട്ബോളിലെ ആദ്യ ഗോൾ കുറിച്ചു. പിന്നാലെ ഇകായ് ഗുൺഡോവനും മുള്ളറും ചേർന്ന് ഗോൾനേട്ടം മൂന്നാക്കി. പിന്നാലെ ഹവേർട്സിന്റെ ഷോട്ട് തടയാനുള്ള ലാത്വിയ ഗോൾ കീപ്പർ റോബർട്ട് ഒസ്ലോസിന്റെ ശ്രമം പിഴവുഗോളിൽ കലാശിച്ചു. സെർജി നാബ്രിയിലൂടെ അഞ്ച് പൂർത്തിയാക്കി ജർമനി ആദ്യപകുതി അവസാനിപ്പിച്ചു.
രണ്ടാംപകുതിയിൽ പകരക്കാരനായെത്തിയ ടിമോ വെർണെറിലൂടെ ഗോളടിതുടർന്നു. മാറ്റ് ഹമ്മെൽസിന്റെ തകർപ്പൻ ക്രോസിലായിരുന്നു ഗോൾ. അവസാനഘട്ടത്തിൽ ലിറോയ് സാനെ പട്ടിക പൂർത്തിയാക്കി. ഒരുഗോൾ തിരിച്ചടിച്ച് ലാത്വിയ ആശ്വാസം കണ്ടെത്തി. ആദ്യ സന്നാഹത്തിൽ ഡെൻമാർക്കിനെതിരെ ജർമനിക്ക് സമനിലയായിരുന്നു ഫലം. 2018 ലോകകപ്പിൽ ആദ്യ റൗണ്ടിൽ പുറത്തായ ജർമനിക്ക് ഗോളടിയിലായിരുന്നു മൂർച്ച കുറഞ്ഞത്. ഡെൻമാർക്കിനെതിരെയും അത് പ്രതിഫലിച്ചു. എന്നാൽ ലാത്വിയയുടെ ദുർബല പ്രതിരോധത്തിനെതിരെ ജർമനിക്ക് ആക്രമണക്കളി പുറത്തെടുക്കാൻ കഴിഞ്ഞു.
പോർച്ചുഗലും ഫ്രാൻസും ഉൾപ്പെട്ട കരുത്തുറ്റ ഗ്രൂപ്പിലാണ് ജർമനി. ഹംഗറിയാണ് മറ്റൊരു ടീം. 15ന് ലോക ചാമ്പ്യൻമാരായ ഫ്രാൻസുമായാണ് ജർമനിയുടെ ആദ്യ കളി.