പത്തനംതിട്ട
നിയമസഭാ തെരഞ്ഞെടുപ്പില് കോന്നിയിലെ സ്ഥാനാര്ഥിയായിരിക്കെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് തെരഞ്ഞെടുപ്പ് കമീഷന് കണക്കുകൾ സമർപ്പിച്ചതിലും ഗുരുതര ചട്ടലംഘനം. സുരേന്ദ്രൻ നടത്തിയ ഹെലികോപ്ടർ യാത്രയുടെ ചെലവ് വിവരങ്ങൾ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇവ പൂർണമായും മുക്കി.
കോന്നിയിൽനിന്ന് മഞ്ചേശ്വരത്തേക്ക് ഹെലികോപ്ടറിൽ പറന്ന സുരേന്ദ്രന്റെ കണക്കുകളിൽ ആകാശയാത്രയ്ക്ക് ചെലവാക്കിയ തുക പൂജ്യമാണ്. കോന്നിയിൽ ആകെ 26,95,957 രൂപ പ്രചാരണത്തിനായി ചെലവാക്കിയെന്ന് പറയുന്നു. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുത്ത പൊതുയോഗവുമായി ബന്ധപ്പെട്ട കണക്കുകളിൽ വ്യക്തതയില്ല. പ്രധാനമന്ത്രിയെപ്പോലുള്ള താരപ്രചാരകർ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് പൊതുയോഗങ്ങൾക്കായി ചെലവഴിച്ച തുക വ്യക്തമാക്കേണ്ടയിടത്ത് വെറും 2,00,454 രൂപ എന്ന് കണക്ക് ചേർത്തിരിക്കുന്നു. ഇത് നൽകിയത് പാർടിയാണെന്നും പറയുന്നു. സ്ഥാനാർഥിക്കൊപ്പം താരപ്രചാരകർ വേദി പങ്കിട്ടാൽ പരിപാടിയുടെ ചെലവ് സ്ഥാനാർഥിയുടെ പ്രചാരണച്ചെലവുകളിൽ ചേർക്കണമെന്ന തെരഞ്ഞെടുപ്പ് ചട്ടം സുരേന്ദ്രൻ ലംഘിച്ചു.
പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തിനായി ജില്ലാ ആസ്ഥാനത്തെ നഗരസഭാ സ്റ്റേഡിയത്തിൽ പ്രത്യേക ഹെലിപാഡ് തയ്യാറാക്കിയിരുന്നു. കോന്നിയിൽ പൊതുയോഗത്തിനായി കൂറ്റൻ വേദിയും ഒരുക്കി. ആഡംബര വാഹനങ്ങൾക്കായും പണം ചെലവാക്കി. ഈ കണക്കുകളൊന്നും സത്യവാങ്മൂലത്തിൽ ഇല്ല.