ന്യൂഡൽഹി
നരേന്ദ്ര മോഡി ഭരണത്തിൻ 2017നുശേഷം രാജ്യത്ത് കർഷക പ്രക്ഷോഭങ്ങളിലുണ്ടായത് അഞ്ചുമടങ്ങ് വർധന. 2017ൽ 15 സംസ്ഥാനത്തായി 34 പ്രധാന കർഷക പ്രക്ഷോഭമാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോഴത്, 22 സംസ്ഥാനത്തേക്കും കേന്ദ്രഭരണപ്രദേശങ്ങളിലേക്കും വ്യാപിച്ചു, രാജ്യത്താകെ ഇപ്പോൾ 165 പ്രക്ഷോഭം നടന്നു. ഇതിൽ 21 രാജ്യവ്യാപക പ്രക്ഷോഭവും ഉൾപ്പെടുന്നു. മോഡിയുടെ പുത്തൻ കാർഷികനിമയത്തിനെതിരെയായിരുന്നു ഇതിൽ 11 പ്രക്ഷോഭവും. ഡൽഹി ആസ്ഥാനമായ പരിസ്ഥിതി പോരാട്ട സംഘടനയായ സെന്റർ ഫോർ സയൻസ് ആൻഡ് എൺവയോൺമെന്റ്(സിഎസ്ഇ) ആണ് കർഷക പോരാട്ടങ്ങളുടെ പട്ടിക പുറത്തുവിട്ടത്.ദേശീയശ്രദ്ധനേടിയ ഡൽഹി പ്രക്ഷോഭത്തിന് സമാനമായി ഒഡിഷ, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലും അതിശക്തമായ പ്രക്ഷോഭം നടക്കുന്നു.
ദിവസം 28 കർഷകർ ജീവനൊടുക്കുന്നു
രാജ്യംനേരിടുന്ന കാർഷികപ്രതിസന്ധി ഏതുനിമിഷവും പൊട്ടാവുന്ന ടൈംബോബിന് സമാനമെന്ന് സിഎസ്ഇ മുന്നറിയിപ്പ് നൽകുന്നു. ഭൂഉടമകളായ കൃഷിക്കാരേക്കാൾ രാജ്യത്ത് കൂടുതൽ കർഷകത്തൊഴിലാളികളാണ്. ലഭ്യമായ കണക്ക് പ്രകാരം ദിവസം 28 കർഷകർ രാജ്യത്ത് ജീവനൊടുക്കുന്നു. 2019ൽ 5957 കർഷകരും 4324 കർഷകത്തൊഴിലാളികളും ജീവനൊടുക്കിയെന്നാണ് റിപ്പോർട്ട്.