മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോണിയെ കണ്ടപ്പോൾ ആദ്യമുണ്ടായ ധാരണ പങ്കുവെച്ച് ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബോളർ ആൻറിച്ച് നോർജെ. തന്റെ പതിനാറാം വയസ്സിൽ ധോണിക്ക് എതിരെ ബോൾ ചെയ്യാൻ അവസരം ലഭിച്ചപ്പോൾ “ബാറ്റ് ചെയ്യാൻ കഴിയുന്ന ആളായിട്ട് തോന്നിയില്ലന്ന്” നോർജെ പറഞ്ഞു. 2010ൽ ദക്ഷിണാഫ്രിക്കയിൽ ചാമ്പ്യൻസ് ട്രോഫി മത്സരം നടന്ന സമയത്താണ് നോർജെക്ക് ധോണിക്ക് എതിരെ നെറ്റ്സിൽ പന്തെറിയാൻ അവസരം ലഭിച്ചത്.
“അന്ന് അവിടെ നെറ്റ്സിൽ എംഎസിന് പന്തെറിഞ്ഞത് ഞാൻ ഓർക്കുന്നു, അദ്ദേഹം അവിടെ നിൽക്കാൻ ആഗ്രഹിക്കുന്നതായി തോന്നിയില്ല, ബാറ്റ് ചെയ്യാൻ കഴിയുന്ന ആളായിട്ടും തോന്നിയില്ല, സത്യം. പക്ഷേ അത് അദ്ദേഹം ആണെന്ന് ഞാൻ തിരിച്ചറിഞ്ഞില്ല. അദ്ദേഹം സാധാരണ കാലുകൾ അനക്കി കളിക്കുന്നതിനു പകരം അവിടെ നിന്ന് തന്നെ ഒന്ന് രണ്ടു പന്തുകൾ അടിച്ചു (ചിരിക്കുന്നു). എല്ലാവരും എല്ലാം തടുക്കാൻ ശ്രമിക്കുകയാണെന്ന് ഞാൻ കരുതി. തുടക്കം തന്നെ അദ്ദേഹത്തിന്റെ ശ്രദ്ധ കിട്ടാൻ എല്ലാവരും ശ്രമിക്കുകയായിരുന്നു എന്ന് തോന്നുന്നു.” ഗ്രേഡ് ക്രിക്കറ്റർ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ 27 ക്കാരനായ നോർജെ പറഞ്ഞു.
Read Also: ഡെവോൺ കോൺവെ: ന്യൂസിലന്‍ഡ് ക്രിക്കറ്റിലെ പുതിയ വസന്തം
ബാക്ക് ഫൂട്ടിൽ നിന്നു കൊണ്ട് താഴത്തെ കൈ ഉപയോഗിച്ച് അൺഓർത്തോഡോക്സ് ഷോട്ടുകൾ മികച്ച രീതിയിൽ കളിക്കുന്ന താരമാണ് ധോണി. അത്തരം ഷോട്ടുകൾക്കാണ് ധോണി പേരെടുത്തതും.
2020ലെ ചാമ്പ്യൻസ് ലീഗ് ട്വന്റി-20 യിൽ ദക്ഷിണാഫ്രിക്കയിലെ ടീമായ വേരിയേഴ്സിനെ തോൽപ്പിച്ചു ധോണിയുടെ നേതൃത്വത്തിൽ ചെന്നൈ സൂപ്പർ കിങ്‌സായിരുന്നു കിരീടം നേടിയത്. ഫൈനലിൽ എട്ടു വിക്കറ്റിനായിരുന്നു സിഎസ്കെയുടെ ജയം.
ഒരു ദശാബ്ദത്തിന് ശേഷം, ഇന്ന് ലോകത്തെ ഏറ്റവും വേഗതയുള്ള ബോളർമാരിൽ ഒരാളാണ് നോർജെ. ഐപിഎല്ലിൽ ഏറ്റവും വേഗതയിൽ ബോൾ എറിഞ്ഞ ബോളറും നോർജെ തന്നെയാണ്. 2020 ഐപിഎൽ സീസണിൽ 156.22 വേഗതയിൽ പന്തെറിഞ്ഞാണ് നോർജെ ഈ റെക്കോർഡ് സ്വന്തമാക്കിയത്.
2020ൽ കാഗിസോ റബാഡയോടൊപ്പം ഡൽഹി ക്യാപിറ്റൽസിനെ ഐപിഎൽ ഫൈനലിൽ എത്തിക്കുന്നതിന് പ്രധാന പങ്കുവഹിച്ച കളിക്കാരനാണ് നോർജെ. എന്നാൽ കോവിഡ് മൂലം നിർത്തിവെച്ച അവസാന സീസണിൽ നോർജെ ഒരു മത്സരം പോലും കളിച്ചിരുന്നില്ല.
The post ‘ബാറ്റ് ചെയ്യാൻ കഴിയുമെന്ന് തോന്നിയില്ല’: നെറ്റ്സിൽ ധോണിക്ക് ബോൾ ചെയ്തതോർത്ത് നോർജെ appeared first on Indian Express Malayalam.