തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി കെ. സുധാകരനെ നിയമിച്ച നടപടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാക്കൾ. കോൺഗ്രസിനെ ശക്തിപ്പെടുത്താൻ കെ. സുധാകരന്റെ നേതൃത്വത്തിന്കഴിയുമെന്ന് മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടി പറഞ്ഞു. എല്ലാവരുടെയും പിന്തുണ സുധാകരന് ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെപിസിസി പ്രസിഡന്റായി സുധാകരനെ നിയമിച്ചുകൊണ്ടുള്ള ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നതായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു. സുധാകരനെ അഭിനന്ദിക്കുന്നതായും ചെന്നിത്തല വ്യക്തമാക്കി.
കെ. സുധാകരന്റെ നേൃത്വത്തിൽ കോൺഗ്രസ് ശക്തിപ്പെടുമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോൺഗ്രസ് ശക്തിപ്പെടേണ്ടത് യുഡിഎഫിന് അത്യാവശ്യമാണ്. അതിനായി കോൺഗ്രസ് നേതൃത്വം എടുത്ത തീരുമാനം കോൺഗ്രസിന് പുതുജീവൻ നൽകും. എല്ലാവിധ സഹകരണവുംമുസ്ലിം ലീഗിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ആവേശം പകരുന്ന തീരുമാനമാണ് ഹൈക്കമാന്റിൽനിന്ന് ഉണ്ടായിരിക്കുന്നതെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു. കോൺഗ്രസിനെ കേഡർ സംവിധാനത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളായിരിക്കും കെ. സുധാകരനിൽനിന്നുണ്ടാവുക. അത് പാർട്ടിക്ക് നവോന്മേഷം നൽകുമെന്നകാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.