തിരുവനന്തപുരം: കെപിസിസി അധ്യക്ഷസ്ഥാനം സന്തോഷത്തോടെ ഏറ്റെടുക്കുന്നുവെന്ന് കെ സുധാകരൻ.കേരളത്തിൽ കോൺഗ്രസ് പാർട്ടിയെ ശക്തമായി തിരികെ കൊണ്ടുവരണമെന്ന് രാഹുൽ ഗാന്ധി നിർദേശിച്ചു. ആത്മവിശ്വാസത്തോടെയാണ് സ്ഥാനം ഏറ്റെടുക്കുന്നത്. പാർട്ടിക്ക് വേണ്ടി അക്ഷീണം പ്രയത്നിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി അധ്യക്ഷനായി തിരഞ്ഞെടുത്ത പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ പഴയ പ്രതാപത്തിലേക്ക് തിരികെക്കൊണ്ടുവരികയെന്ന ദൗത്യമാണ് എനിക്കുള്ളത്. അത് സത്യസന്ധമായി നിർവഹിക്കും.അർഹതയും കഴിവുമുള്ളവരെ നേതൃനിരയിലെത്തിക്കും. കോൺഗ്രസിൽ എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അത് മാറ്റി എല്ലാ നേതാക്കളേയും സഹകരിപ്പിച്ച് മുന്നോട്ടുപോവാൻ സാധിക്കുമെന്ന് ഉറപ്പുണ്ട്. എല്ലാ നേതാക്കളേയും നേരിട്ട് കാണും, സഹകരണം അഭ്യർഥിക്കും. എല്ലാ നേതാക്കളേയും എങ്ങനെ സഹകരിപ്പിക്കണണെന്ന് തനിക്കറിയാം. പത്തമ്പത് വർഷത്തെ രാഷ്ട്രീയ പ്രവർത്തന പരിചയം തനിക്കുണ്ട്.
ആവേശമുള്ള പുതിയ ടീമായി കേരളത്തിലെ കോൺഗ്രസിനെ മുന്നോട്ട് കൊണ്ടുവരും. ഗ്രൂപ്പിനേക്കാൾ പ്രാധാന്യം ആത്മാർഥമായ പാർട്ടി പ്രവർത്തനത്തിനാണ്. ഇവിടെ പാർട്ടിയാണ് ആവശ്യം. കേരളത്തിൽ കോൺഗ്രസ് തിരിച്ചുവരുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.