കോഴിക്കോട്: കൊടകര കുഴൽപ്പണ കേസ് അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തയ്യാറാക്കുന്ന തിരക്കഥയ്ക്ക് അനുസരിച്ചാണ് നടക്കുന്നതെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്. കെ.സുരേന്ദ്രനെയും കുടുംബത്തെയും കള്ളക്കേസിൽ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മുഖ്യമന്ത്രി നിയന്ത്രിക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലേത്. സ്വർണക്കടത്ത് കേസിൽ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീങ്ങിയതിന്റെ പക പോക്കലാണ് മുഖ്യമന്ത്രി നടത്തുന്നത്.
ബിജെപി അടിയന്തരാവസ്ഥയെ പോലും അതിജീവിച്ച പാർട്ടിയാണ്. പൊതുസമൂഹത്തിന്റെ മുന്നിൽ ബിജെപിയെ അപമാനിക്കുകയാണ് അന്വേഷണത്തിന്റെ ലക്ഷ്യം. കോഴിക്കോട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊടകര സംഭവം മുഖ്യമന്ത്രിയുടെ ഓഫീസിലെ തിരക്കഥയ്ക്ക് അനുസരിച്ചാണ് മുന്നോട്ടുപോകുന്നത്. ആ തിരക്കഥയിലെ കഥാപാത്രങ്ങളെ ബിജെപിയുമായി ബന്ധിപ്പിക്കുകയാണ് പോലീസ് ഉദ്യോഗസ്ഥരുമായി ചെയ്യുന്നത്. ഒരു ഐപിഎസ് പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ആദ്യം അന്വേഷണം നടന്ന കേസാണിത്.ആ പോലീസ് സൂപ്രണ്ട് ബിജെപിക്ക് ബന്ധമില്ലെന്ന് പരസ്യമായി പറഞ്ഞതാണ്. ഇത് പറഞ്ഞ ഉടനെ അവരെ ചുമതലയിൽ നിന്നും മാറ്റി. എന്നിട്ട് പകരം കൊണ്ടുവന്നത് കുപ്രസിദ്ധരായ ഉദ്യോഗസ്ഥരെയാണ്.
വാളയാറിൽ രണ്ട് കുഞ്ഞ് പെൺകുട്ടികളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സംരക്ഷിച്ച കുപ്രസിദ്ധരായ ഉദ്യോഗസ്ഥരെയാണ് ഇപ്പോൾ അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. ഒരു ഐപിഎസ് ഉദ്യോസ്ഥനെ അന്വേഷണത്തിൽ നിന്ന് മാറ്റി നിർത്തിയിട്ട് പകരം ഇത്തരത്തിലുള്ള ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്. ഇതൊരു അന്വേഷണ സംഘമല്ല അധോലോക സംഘമാണ്.
ഒരാൾ പരാതി കൊടുത്താൽ ആ പരാതി കൊടുത്തയാളുടെ ഫോൺ കോൾ പരിശോധിച്ചാണ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. അതേ സമയം പ്രതികളെ പിടിച്ചിട്ടും ഉണ്ട്. പിടികൂടിയ പ്രതികളിൽ ബിജെപിയുമായി ബന്ധമുള്ള ഒരാളെയെങ്കിലും ചൂണ്ടിക്കാണിക്കാൻ കഴിയുമോ. എന്നാൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളിൽ ഒരാളൊഴിച്ച് എല്ലാവരും ഇടതുപക്ഷ സഹയാത്രികരാണ്.
ഒന്നുകിൽ സിപിഎമ്മുമായി ബന്ധമുണ്ട്. അല്ലെങ്കിൽ സിപിഐയുമായി ബന്ധമുണ്ട്.വാദിയുടെ കോൾ ലിസ്റ്റ് പരിശോധിച്ച് അന്വേഷണം നടത്തുകയും ആളുകളെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്യുന്നതിന് പകരം പ്രതികളുടെ കോൾ ലിസ്റ്റ് പരിശോധിച്ച് അന്വേഷണത്തിനായി വിളിപ്പിക്കാത്തത് എന്താണ്. ഇതിനുള്ള കാരണം പറയുന്നത് വളരെ രസമാണ്. വാദി കേസ് കൊടുത്തപ്പോൾ പറഞ്ഞ തുകയേക്കാൾ കൂടുതൽ പ്രതികളുടെ വീട്ടിൽ നിന്ന് കണ്ടെത്തിയെന്നാണ് പറയുന്നത്.അതുകൊണ്ടാണ് വാദിയുടെ കോൾലിസ്റ്റ് പരിശോധിക്കുന്നത്.ബിജെപി ഇതിനെ ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും കൃഷ്ണദാസ് വ്യക്തമാക്കി.
Content Highlight: kodakara hawala case; P K Krishna Das Press meet kozhikode