കോഴിക്കോട്: പ്രളയ ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി സാമ്പത്തിക സഹായം സ്വീകരിച്ച രണ്ടായിരത്തിലേറെ പേരുടെ വ്യക്തിവിവരങ്ങൾ ഓൺലൈനിൽ പരസ്യമായി. പേര്, മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി. കോഡ് ഉൾപ്പടെയുള്ളവയാണ് എളുപ്പത്തിൽ ഡൗൺലോഡ് ചെയ്തെടുക്കാനാവും വിധം ഓൺലൈനിൽ ലഭ്യമായിട്ടുള്ളത്. പെരിന്തൽമണ്ണ താലൂക്കിൽ 2019-ലെ പ്രളയ ദുരിതാശ്വാസ ധനസഹായം സ്വീകരിച്ച ആളുകളുടെ പട്ടികയാണ് ഓൺലൈനിലുള്ളത്.
ജില്ലാ ഭരണകൂടത്തിന്റെ വെബ്സൈറ്റിൽ ഇതേ പട്ടിക പരസ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിൽ മൊബൈൽ നമ്പർ, ബാങ്ക് വിവരങ്ങൾ എന്നിവയില്ല. എന്നാൽ ഒരു ഐടി വിദഗ്ദൻ മുഖേന മാതൃഭൂമി.കോമിന് ലഭിച്ച ലിങ്കിൽ ഇവരുടെയെല്ലാം മൊബൈൽ നമ്പറുംബാങ്കിങ് വിവരങ്ങളും പരസ്യമായി കിടപ്പുണ്ട്. ഈ രംഗത്ത് പരിചയമുള്ള വിദഗ്ദർക്ക് വളരെ എളുപ്പത്തിൽ ഇത് തിരഞ്ഞ് കണ്ടുപിടിക്കാനാകും. മാത്രവുമല്ല, ഫയലിന്റെ ലിങ്ക് വഴി എവിടെനിന്നും ഈ വിവരങ്ങൾ എടുക്കാനും സാധിക്കും.
ബാങ്ക് അക്കൗണ്ട് നമ്പറുംഐ.എഫ്.എസ്. കോഡുംമൊബൈൽ നമ്പറും ഇതിൽ ഉണ്ടെന്നിരിക്കെ സാമ്പത്തിക തട്ടിപ്പുകൾക്കുൾപ്പടെ വലിയ രീതിയിൽ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. ബാങ്കിങ് തട്ടിപ്പുകൾ നിരവധി റിപ്പോർട്ട് ചെയ്യപ്പെടുന്ന സമയത്താണ് ഒരു സർക്കാർ വെബ്സൈറ്റിൽ നിന്നുതന്നെ സുപ്രധാന വ്യക്തിവിവരങ്ങൾ ചോരുന്നത്.
പെരിന്തൽമണ്ണ താലൂക്കിലെ ആളുകളുടെ വിവരങ്ങളാണ് മാതൃഭൂമി.കോമിന് ലഭിച്ച ഫയലിലുള്ളത്. ഇത് പിഡിഎഫ് ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്തെടുക്കാൻ സാധിക്കുന്നുണ്ട്. 2019 ഡിസംബറിൽ ഇവർ 10,000 രൂപ ബാങ്ക് അക്കൗണ്ടിൽ കൈപറ്റിയതായി രേഖ പറയുന്നു. ഇതിൽനിന്ന് ലഭിച്ച ഫോൺ നമ്പറിൽ ഒരാളെ വിളിച്ചപ്പോൾ പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി 10000 രൂപ ലഭിച്ചിരുന്നതായി വ്യക്തമാക്കി.
ജില്ലാ ഭരണകൂടങ്ങൾക്ക് വിവിധ ആവശ്യങ്ങൾക്കായി സുരക്ഷിതമായും എളുപ്പത്തിലും വെബ്സൈറ്റുകൾ ആരംഭിക്കുന്നതിനായി ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി തുടങ്ങിയ സ്വാസ് (SWaaS) എന്ന പ്ലാറ്റ്ഫോം പ്രവർത്തിക്കുന്നുണ്ട്. സ്വാസ് പ്ലാറ്റ്ഫോമിൽ തന്നെയാണ് മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെ വെബ്സൈറ്റ് പ്രവർത്തിക്കുന്നത്. ജില്ലാ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ധനസഹായം സ്വീകരിച്ചവരുടെ പട്ടികയുടേയും മാതൃഭൂമി.കോമിന് ലഭിച്ച പട്ടികയുടെയും യുആർഎൽ cdn.s3waas.gov.in/ തുടങ്ങുന്ന ഒരേ സബ് ഫോൾഡർ പാത്ത് ഉള്ളവയാണ്.
വ്യക്തിവിവരങ്ങൾ അടങ്ങുന്ന ഫയൽ രഹസ്യമാക്കി വെച്ചതിൽ ഉണ്ടായ എന്തെങ്കിലും ഉണ്ടായ പിഴവാകാം അത് പരസ്യമായിക്കിടക്കുന്നതിന് വഴിവെച്ചത്. എന്നാലും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ പിഴവാണിത്.
Content Highlights: malappuram district website data leak