സുരേന്ദ്രൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് മാർച്ച് ആറിന് ജാനുവും താനും തിരുവനന്തപുരത്ത് എത്തിയതെന്ന് പ്രസീത വ്യക്തമാക്കി. മാര്‍ച്ച് ഏഴാം തിയതി രാവിലെ 9.56നാണ് സുരേന്ദ്രൻ്റെ ഫോണില്‍ നിന്ന് പി.എ ദിപിന്‍ വിളിച്ചിരുന്നവെന്നും പ്രസീത പറഞ്ഞു.
തിരുവനന്തപുരം ഹൊറൈസൺ ഹോട്ടലിലെ 503മത് നമ്പർ മുറിയിൽ വെച്ച് കൂടിക്കാഴ്‌ച നടന്നത്. ഹോട്ടലിൽ എത്തുന്നതുവരെ സുരേന്ദ്രൻ ഫോണിൽ വിളിച്ച് കൊണ്ടിരുന്നു. അഞ്ചോളം പ്രാവശ്യം തന്നെ ഫോണിൽ വിളിച്ചു. രാത്രിയിലാണ് ജാനു എത്തിയത്. ഇതോടെ പിറ്റേന്ന് കാലത്ത് കാണാമെന്ന് സുരേന്ദ്രൻ പറഞ്ഞു. രാവിലെ ഫോണിൽ വിളിച്ച് ഏത് റൂം നമ്പർ ചോദിക്കുകയും എപ്പോൾ കാണാൻ കഴിയുമെന്നും ചോദിച്ചു. സുരേന്ദ്രന് സൗകര്യമാകുന്ന സമയത്ത് കാണാമെന്ന മറുപടിയാണ് താൻ നൽകിയത്. പിന്നീട് സുരേന്ദ്രൻ തൻ്റെ ഫോണിലേക്ക് വിളിച്ചെങ്കിലും ജാനുവാണ് കോൾ എടുത്തത്. സുരേന്ദ്രൻ എന്ന പേരിൽ സേവ് ചെയ്‌തിരുന്ന നമ്പറിൽ നിന്ന് കോൾ എത്തിയപ്പോഴാണ് ജാനു എടുത്തത്. തുടർന്ന് സുരേന്ദ്രനും അദ്ദേഹത്തിനൊപ്പമുള്ളയാളും മുറിയിലെത്തിയെന്നും പ്രസീത വ്യക്തമാക്കി.
സുരേന്ദ്രൻ മുറിയിലെത്തിയതോടെ രണ്ടുമിനിറ്റ് സംസാരിക്കാനുണ്ടെന്ന് ജാനു പറഞ്ഞതോടെ ഞങ്ങൾ മുറിവിട്ടിറങ്ങി. ഈ സംഭാഷണത്തിനിടെയാണ് ജാനുവിന് പണം കൈമാറിയത്. ബാഗിൽ കരുതിയിരുന്ന പണമാണ് നൽകിയത്. പണം ലഭിച്ചുവെന്ന് ജാനു പിന്നീട് തന്നോട് പറഞ്ഞുവെന്നും പ്രസീത പറഞ്ഞു.
തിരുവനന്തപുരത്ത് നടന്ന പത്ത് ലക്ഷത്തിൻ്റെ കാര്യമാണിത്. ബത്തേരിയിലെ കാര്യം ഇതുവരെ പറഞ്ഞിട്ടില്ലെന്നും പ്രസീത പറഞ്ഞു. കൂടുതൽ കാര്യങ്ങൾ പുറത്തുവരാൻ പോകുന്നതേയുള്ളൂ. തനിക്കോ തൻ്റെ പാർട്ടിയിലുള്ളവർക്കോ എന്ത് സംഭവിച്ചാലും കാര്യങ്ങൾ മുന്നോട്ട് തന്നെ പോകുമെന്നും പ്രസീത വ്യക്തമാക്കി.