ന്യൂഡൽഹി: കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്തേക്ക് കെ. സുധാകരനൊപ്പം റോജി എം. ജോൺ പരിഗണനയിൽ വരുന്നത് തലമുറമാറ്റമെന്ന സാധ്യതയിൽ. രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് ഏർപ്പെടുത്തിയശേഷം കോൺഗ്രസിന്റെ വിദ്യാർഥിസംഘടനയായ എൻ.എസ്.യു.ഐ.യിൽ ആദ്യമായി അധ്യക്ഷനായ ആളാണ് റോജി എം. ജോൺ. രാഹുലിന് അടുപ്പമുള്ള നേതാവുമാണ്. കോൺഗ്രസിലേക്ക് ക്രിസ്ത്യൻ സമുദായത്തെ കൂടുതൽ ആകർഷിക്കുക എന്ന നയം ഈ ആലോചനയ്ക്കു പിന്നിലുണ്ട്.
കെ. സുധാകരനെ കെ.പി.സി.സി. അധ്യക്ഷനാക്കാൻ എ.ഐ.സി.സി. നേരത്തേ തത്ത്വത്തിൽ തീരുമാനിച്ചിരുന്നു. ഹൈക്കമാൻഡിന്റെ ഭാഗമായുള്ള കേരളത്തിലെ നേതാക്കൾക്ക് എതിർപ്പുണ്ടായിരുന്നില്ല. എന്നാൽ, പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്ത രീതിയോടുള്ള അതൃപ്തിയുൾപ്പെടെ രേഖപ്പെടുത്തി മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും മൗനംപാലിച്ചതോടെ പ്രഖ്യാപനം മാറ്റി.
തോൽവിയെക്കുറിച്ചന്വേഷിച്ച അശോക് ചവാൻ കമ്മിറ്റിക്കു മുമ്പാകെ കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, കെ. മുരളീധരൻ, പി.ടി. തോമസ് തുടങ്ങിയവരുടെ പേരുകൾ ഉയർന്നുവന്നിരുന്നു. സുധാകരനെ അധ്യക്ഷനാക്കാൻ ഹൈക്കമാൻഡ് തീരുമാനവുമെടുത്തതോടെ പ്രശ്നങ്ങൾ രൂക്ഷമായി. സുധാകരന്റെയോ കൊടിക്കുന്നിലിന്റെയോ പേരുകളോട് എ., ഐ. ഗ്രൂപ്പുകൾ താത്പര്യം കാണിച്ചില്ല.
തലമുറമാറ്റത്തിന്റെ ഭാഗമായി പി.സി. വിഷ്ണുനാഥിനെ പിന്തുണയ്ക്കാൻ എ ഗ്രൂപ്പും മുതിർന്നില്ല. ഇതോടെയാണ് രാഹുലിനു കൂടി താത്പര്യമുള്ള റോജിയുടെ പേര് പരിഗണിച്ചതെന്നാണ് സൂചന. വി.ഡി. സതീശനെ പ്രതിപക്ഷ നേതാവാക്കണമെന്ന് ആവശ്യപ്പെട്ട നാലുപേരിൽ ഒരാൾ കൂടിയാണ് റോജി.
Content Highlight: Roji M John to be named KPCC President