കല്പറ്റ: റവന്യൂവകുപ്പിന്റെ ഉടമസ്ഥതയിലുള്ള നൂറുകോടിയോളം രൂപ വിലവരുന്ന റിസർവ് മരങ്ങൾ മുറിച്ചുകടത്താൻ സാഹചര്യമൊരുക്കിയ ഉത്തരവിനു പിന്നിൽ ഉന്നതതല ഗൂഢാലോചനയെന്ന സംശയം ബലപ്പെടുന്നു. 2020 ഒക്ടോബർ 24-ന് റവന്യൂവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ് മരംകൊള്ളയ്ക്കു സാഹചര്യമൊരുക്കുമെന്നു കാണിച്ച് ചില കളക്ടർമാർ വ്യക്തതയ്ക്കായി മേലധികാരികളെ സമീപിച്ചിരുന്നു. എന്നാൽ, കൃത്യമായ ഉത്തരം കിട്ടിയില്ല.
സർക്കാർ ഭൂമിക്ക് പട്ടയം അനുവദിക്കുമ്പോൾ റിസർവ് ചെയ്ത മരങ്ങളുടെ അവകാശം സർക്കാരിനു തന്നെയാണോ എന്നായിരുന്നു പ്രധാന സംശയം. റിസർവ് മരങ്ങൾ അനധികൃതമായി മുറിച്ചതിനെത്തുടർന്ന് കെ.എൽ.സി. നിയമപ്രകാരം മിക്ക ജില്ലകളിലും ധാരാളം കേസുകൾ നേരത്തേ നിലവിലുണ്ട്.
പട്ടയം അനുവദിക്കുന്ന സമയത്ത് ഈട്ടി, തേക്ക്, ചന്ദനം തുടങ്ങിയ രാജകീയ മരങ്ങളുടെ വൃക്ഷവില ഈടാക്കാറില്ല. ഈ മരങ്ങൾ ഉത്തരവുപ്രകാരം വിട്ടുനൽകാമോ എന്നതിനെക്കുറിച്ചും വ്യക്തതയില്ലായിരുന്നു.
ഇത്തരം മരങ്ങൾ മുറിക്കാൻ ധാരാളം പേർ അപേക്ഷിച്ചതിനെത്തുടർന്നാണ് വ്യക്തതയ്ക്കായി കളക്ടർമാർ വകുപ്പുമേധാവികളെ സമീപിച്ചത്. വ്യാപകമായി പട്ടയത്തിലെ ഷെഡ്യൂൾപ്രകാരം റിസർവ് ചെയ്ത മരങ്ങളും മുറിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി ഉത്തരവ് റദ്ദുചെയ്തപ്പോൾ പ്രിൻസിപ്പൽ സെക്രട്ടറി സമ്മതിച്ചിരുന്നു.
•പ്രതികൾക്കുവേണ്ടിയും ഉന്നത ഇടപെടൽ
അഞ്ചു ജില്ലകളിൽനിന്ന് ഈട്ടി മരങ്ങൾ മുറിച്ചുകടത്തിയെങ്കിലും വയനാട് മുട്ടിൽ സൗത്ത് വില്ലേജിൽനിന്ന് കടത്തിയ കേസിൽ മാത്രമാണ് ഇതുവരെ നടപടിയുണ്ടായതും മരങ്ങൾ പിടിച്ചെടുക്കാനായതും. 15 കോടിയോളം രൂപ വിലവരുന്ന മരത്തടി പിടികൂടിയ സംഭവത്തിൽ വ്യാപാരികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർ പ്രധാന പ്രതികളായി 42 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തങ്ങളുടെ ഭൂമിയിൽനിന്ന് മരം മുറിക്കാൻ മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറിൽനിന്നും കളക്ടറിൽനിന്നും അനുമതി കിട്ടാതായപ്പോൾ പ്രതികൾ റവന്യൂവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ സമീപിച്ചു. അപേക്ഷയിൽ അദ്ദേഹം എന്തു നടപടിയാണു സ്വീകരിച്ചതെന്നു വ്യക്തമല്ല. മരംകൊള്ളക്കേസിൽ പ്രതികളായവർക്കുവേണ്ടി ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടെന്ന വിവരങ്ങൾകൂടി പുറത്തുവരുമ്പോഴാണ്, വിവാദ ഉത്തരവിനു പിന്നിലെ ഗൂഢാലോചന ചർച്ചയാവുന്നത്.
Content Highlight: Illegaltree felling Wayanad