വയനാട്: ജെ.ആർ.പി. ട്രഷറർ പ്രസീത അഴീക്കോട് ഉയർത്തിയ പുതിയ ആരോപണങ്ങൾ നിഷേധിച്ച് സി.കെ.ജാനു. ആസൂത്രിതമായി തന്നെ തകർക്കുക എന്ന നീക്കത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു ആരോപണം വരുന്നതെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സി.കെ.ജാനു പറഞ്ഞു. പ്രസീത അഴീക്കോടിന്റെ പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു സി.കെ.ജാനു.
താൻ എവിടെയെങ്കിലും പോയി താമസിക്കുമ്പോൾ ഒരുപാട് ആളുകൾ കാണാൻ വരാറുണ്ടെന്നും ഫോൺ വിളിച്ച് റൂം നമ്പർ എന്ന് ചോദിക്കുമ്പോൾ പറയാറുണ്ടെന്നും സി.കെ. ജാനു പറഞ്ഞു. അങ്ങനെ ഒരു സംഭവം മാത്രണാണിതെന്നും ജാനു പറഞ്ഞു. ആസൂത്രിതമായി തന്നെ തകർക്കുക എന്ന നീക്കത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു ആരോപണം വരുന്നത്. ഇതിന്റെ പുറകിൽ ഗൂഢാലോചന നടന്നു. പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കിയത് പോലുള്ള ഒരു ഗൂഢാലോചനയായാണ് തോന്നുന്നത്.
ഒരിക്കൽ ഉയർത്തിയ ആരോപണം അത് അതോടുകൂടി തീർന്നിട്ടില്ല. നിരന്തരമായി ആരോപണം ഉന്നയിക്കുന്നത് കൃത്യമായി പ്ലാൻ ചെയ്തത് പോലെയാണ് തോന്നുന്നത്. ഇതുമായി ബന്ധപ്പെട്ട് നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും തെളിവും രേഖകളും വരുമ്പോൾ നിലപാട് എടുക്കുമെന്നും സി.കെ. ജാനു കൂട്ടിച്ചേർത്തു.
തിരുവനന്തപുരം ഹൊറൈസൺ ഹോട്ടലിലെ 503-ാം നമ്പർ മുറിയിൽ സുരേന്ദ്രനും പി.എ. ദിപിനും പണവുമായി എത്തി എന്ന് ആരോപിക്കുന്ന ഫോൺ സംഭാഷണം പ്രസീത അഴീക്കോട് പുറത്തുവിട്ടിരുന്നു. ഹോട്ടലിലേക്ക് തലേദിവസം ജാനു വരുന്നത് വരെ സുരേന്ദ്രൻ തന്നെ വിളിച്ചുകൊണ്ടിരുന്നുവെന്നും നാലഞ്ചു പ്രാവശ്യം തന്നെ വിളിച്ചിട്ടുണ്ടെന്നും പ്രസീത പറഞ്ഞു.
സി.കെ. ജാനുവിന്റെ റൂം നമ്പർ തിരക്കുകയും ഏത് സമയത്ത് കാണാൻ സാധിക്കുമെന്ന് ചോദിക്കുകയും ചെയ്തിരുന്നുവെന്നും പ്രസീത പറഞ്ഞു. സുരേന്ദ്രനും അദ്ദേഹത്തിന്റെ ഒപ്പമുള്ള ആളും മുറിയിലെത്തിയെന്നും രണ്ടുമിനിട്ട് ജാനുവുമായി സംസാരിക്കാനുണ്ടെന്ന് പറഞ്ഞതോടെ തങ്ങൾ പുറത്തിറങ്ങിയെന്നും ആ മുറിയിൽവെച്ചാണ് സംസാരിച്ചതും പണം കൈമാറിയതെന്നും അവർ മാതൃഭൂമി ന്യൂസിനോടു പറഞ്ഞു.
Content Highlights: C K Janu denies allegations of Praseetha Azhikode