തൃശൂർ
കൊടകരയിൽ കുഴൽപ്പണം കവർച്ച നടന്ന ദിവസം ധർമരാജൻ ആദ്യം വിളിച്ചത് ബിജെപി ഉന്നതനേതാക്കളെ. കുഴൽപ്പണം കവർന്ന ഏപ്രിൽ മൂന്നിന് പുലർച്ചെ നാലരക്കുശേഷം ഏഴ് പ്രധാന നേതാക്കളെ വിളിച്ചതായി അന്വേഷകസംഘം സ്ഥിരീകരിച്ചു. രണ്ടുദിവസമായി ഫോൺവിളികളുൾപ്പെടെ ഡിജിറ്റൽ രേഖകളും പ്രതികളുടെയും ബിജെപി നേതാക്കളുടെയും മൊഴികളും പരിശോധിച്ചു വരികയാണ്.
കവർച്ച നടന്ന ദിവസം പുലർച്ചെ ധർമരാജൻ നേതാക്കളെ വിളിച്ചത് സംഭവത്തിൽ ബിജെപിയുടെ ബന്ധത്തിന്റെ തെളിവാണ്. ധർമരാജന് കുഴൽപ്പണ ഇടപാടാണെന്ന് പൊലീസ് കോടതയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. ഇയാൾ സ്പിരിറ്റ് കേസിൽ ഉൾപ്പെടെ ജയിലിൽ കിടന്നതിന്റെ വിവരങ്ങളും ശേഖരിച്ചു.
ധർമരാജന്റെ കോൾ ലിസ്റ്റ് പ്രകാരമാണ് സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശൻ, സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷ്, മധ്യമേഖലാ സംഘടനാ സെക്രട്ടറി കാശിനാഥൻ, സുരേന്ദ്രന്റെ സെക്രട്ടറി ദിപിൻ, ഡ്രൈവർ ലബീഷ് തുടങ്ങിയവരെയെല്ലാം ചോദ്യം ചെയ്തത്. ഇവർ നൽകിയ മൊഴികൾ പൊലീസിന് ലഭിച്ച ഡിജിറ്റൽ രേഖകളുമായി വൈരുധ്യമുണ്ടെന്ന് കണ്ടെത്തി.
കൊടകര കുഴൽപ്പണ കേസിലുൾപ്പെട്ട ധർമരാജൻ, സുനിൽ നായക് എന്നിവർ കേന്ദ്രമന്ത്രി വി മുരളീധരൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ എന്നിവരോടൊപ്പം. വി മുരളീധരൻ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ നടത്തിയ കൂടിക്കാഴ്ച (ഫയൽ ഫോട്ടോ)