തിരുവനന്തപുരം
സർക്കാർ -അർധ സർക്കാർ ജീവനക്കാർക്ക് കുറഞ്ഞവിലയിൽ ഇനി ഇലക്ട്രിക് സ്കൂട്ടർ വാങ്ങാം. കേന്ദ്ര ഊർജമന്ത്രാലയത്തിന്റെ കീഴിലുള്ള എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡിന്റെ സബ്സിഡിയറിയായ കൺവെർജെൻസ് എനർജി സർവീസസ് ലിമിറ്റഡും (സിഇഎസ്എൽ) എനർജി മാനേജ്മെന്റ് സെന്ററും ചേർന്നാണ് ഇതിന് അവസരമൊരുക്കുന്നത്. ഇതിന്റെ ഭാഗമായി ഇഎംസി ഡയറക്ടർ ഡോ. ആർ ഹരികുമാർ, സിഇഎസ്എൽ മാനേജിങ് ഡയറക്ടർ മഹുവാ ആചാര്യ എന്നിവർ ധാരണപത്രത്തിൽ ഒപ്പിട്ടു. എനർജി മാനേജ്മെന്റ് സെന്റർ നടത്തുന്ന ‘ഗോ’ ഇലക്ട്രിക് പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ഇത്. നിലവിൽ വിപണിയിൽ ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ വിലയിലാകും ഉദ്യോഗസ്ഥർക്ക് വാഹനം നൽകുക. ഇവയ്ക്ക് കേന്ദ്ര സർക്കാർ നൽകുന്ന സബ്സിഡിയും ലഭിക്കും. ഇഎംസി മുഖേന വാഹനത്തിന് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ ഇഎംസി പ്രസിദ്ധീകരിക്കും.